പനാജി> തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജി.അടുത്ത വര്‍ഷം തുടക്കത്തില്‍ നടക്കാന്‍ സാധ്യതയുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം.
പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കള്‍ വെള്ളിയാഴ്ച രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎല്‍എ രോഹന് ഖൗണ്ടയെ നേതാക്കള്‍ പിന്തുണയ്ക്കും.
ദക്ഷണി ഗോവയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയായി. പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചിട്ടും കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലിക്സോ റെജിനല്‍ഡോ ലോറന്‍കോയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ താന്‍ അസ്വസ്ഥനാണെന്ന് റിബെലോയുടെ രാജിക്കത്തില്‍ പറയുന്നു
‘വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പില്‍ ഗൗരത്തോടെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാല്‍ അങ്ങനെയാണ് തോന്നുക’ – മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു.