കോഴിക്കോട് > വഖഫ് ബോര്ഡ് നിയമനത്തിന്റെ പേരില് വര്ഗീയത ആളിക്കത്തിച്ച് മുസ്ലിം ലീഗ്. വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതിനെ എതിര്ക്കാനെന്ന പേരില് കോഴിക്കോട് ബീച്ചില് നടത്തിയ സമ്മേളനത്തില് കടുത്ത വര്ഗീയ പ്രസംഗമാണ് ലീഗ് നേതാക്കള് നടത്തിയത്. ലീഗില് നിന്നും വിട്ടുമാറി സിപിഐ എമ്മിനൊപ്പം പോകുന്നവര് ഇസ്ലാമില് നിന്നാണ് പോകുന്നതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പറഞ്ഞു. നന്നായി പഠിക്കുന്ന മുസ്ലിം പെണ്കുട്ടികള് ഉള്പ്പെടെയുള്ളവര് സിപിഐ എമ്മിനൊപ്പമാണ്. എസ്എഫ്ഐയിലോ ഡിവൈഎഫ്ഐയിലോ ഒരാള് മെമ്പര്ഷിപ്പെടുത്താല് ലീഗിനല്ല ക്ഷീണം. ലീഗ് ഓഫീസിന്റെ പരിസരത്തുനിന്നല്ല, ദീനിന്റെ പരിസരത്തുനിന്നാണ് അവര് പോകുന്നതെന്നും ഷാജി പറഞ്ഞു.
തലശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം മുസ്ലിം കുടുംബങ്ങളില് നിന്നും സിപിഐ എമ്മിലേക്ക് പോയിട്ടുള്ള കുട്ടികള് മതത്തില് നിന്നും കൂടിയാണ് പോയിട്ടുള്ളത്. ഈ സാഹചര്യം അനുവദിക്കാന് പാടില്ല. മദ്രസയില് പോകുന്ന കുട്ടികളാണോ എസ്എഫ്ഐയില് ചേരേണ്ടത്. മുസ്ലിം പെണ്കുട്ടികളെ തെരുവില് കൊണ്ടുവന്ന് നൃത്തം ചെയ്യിപ്പിച്ച് സമുദായത്തെ വെല്ലുവിളിച്ചു. മതമല്ല പ്രശ്നമെന്നാണ് കമ്യൂണിസ്റ്റുകാര് പറയുന്നത്. ഞങ്ങള്ക്ക് മതമാണ് പ്രശ്നം. ഇവരുടെ കൂടെ ചേര്ന്നാല് അവര് പതുക്കെ പതുക്കെ ഇസ്ലാമിന്റെ അറ്റത്തുനിന്ന് പോകുകയാണ്. കമ്യൂണിസ്റ്റുകാര് അധികാരത്തില് വരുമ്പോഴെല്ലാം മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്. മാര്ക്സിസ്റ്റുകാര് ഇസ്ലാമിന്റെ ശത്രുക്കളാണ്.- ഇതായിരുന്നു ഷാജിയുടെ പ്രസംഗം.
സമ്മേളനത്തില് സംസാരിച്ച ലീഗ് സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിയും വര്ഗീയവും അധിക്ഷേപകരവുമായ പരാമര്ശങ്ങളാണ് നടത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് അബ്ദുറഹ്മാന് അധിക്ഷേപിച്ചു. ഇത് പറയാനുള്ള ചങ്കൂറ്റം ലീഗുകാര് കാണിക്കണമെന്നും അബ്ദുറഹ്മാന് പറഞ്ഞു. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്ഗം ഞങ്ങള്ക്ക് വേണ്ടെന്ന് പറയുന്നവര് കാഫിറുകളാകുമെന്നും അബ്ദുറഹ്മാന് പറഞ്ഞു.