തൃശ്ശൂർ: അച്ഛാ കുറുമ്പൊന്നും കാണിക്കുന്നില്ലല്ലോ, ഓക്സിജൻ മാസ്ക് വലിച്ചൂരാൻ നോക്കല്ലേ-വീട്ടിലേയ്ക്ക് വിളിക്കുമ്പോഴെല്ലാം കുസൃതിനിറച്ച ശബ്ദത്തിൽ പ്രദീപ് ചോദിക്കും. പതിവുവിളി എത്താതായതോടെ ബുധനാഴ്ച രാത്രി മുതൽ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ഭാര്യ കുമാരിയോട് ചോദിച്ചുകൊണ്ടേയിരുന്നു, പ്രദീപ് മോന്റെ വിളി വന്നില്ലല്ലോ… ഒടുവിൽ വ്യാഴാഴ്ച രാവിലെ ബന്ധുക്കളെല്ലാം ചേർന്ന് ആ അച്ഛനെ വിവരമറിയിച്ചു, ആ വിളി ഇനി വരില്ലെന്ന്.
കൂനൂരിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ഫ്ളൈറ്റ് ഗണ്ണറായ പ്രദീപ്കുമാർ ഇനി തന്നെ കാണാൻ എത്തില്ലെന്ന സത്യം അച്ഛന് ഇനിയും ബോധ്യമായിട്ടില്ല. വീട്ടിലൊരുക്കിയ വെന്റിലേറ്ററിൽ കഴിയുന്ന രാധാകൃഷ്ണൻ ഉണർവിന്റെ വേളകളിൽ ഭാര്യയോട് അന്വേഷിച്ചുകൊണ്ടേയിരുന്നു, മകനെവിടെയെന്ന്. മറുപടി ലഭിക്കാതാകുമ്പോൾ ഇളയ മകൻ പ്രസാദിനെയും അദ്ദേഹം തിരക്കുന്നു. ഇതിനെല്ലാമിടയിൽ വിങ്ങുന്ന മനസ്സുമായി ദുഃഖം സഹിച്ച് പ്രദീപിന്റെ അമ്മയിരുന്നു. ബന്ധുക്കളുടെയും അയൽക്കാരുടെയും സ്നേഹസംരക്ഷണത്തിൽ ആ അമ്മ കാത്തിരിക്കുകയാണ്, മകനെ അവസാനമായൊന്നു കാണാൻ.
അപകടവിവരമറിഞ്ഞ് ബുധനാഴ്ച തന്നെ കോയമ്പത്തൂരിലേയ്ക്ക് തിരിച്ചതാണ് പ്രദീപിന്റെ സഹോദരൻ പ്രസാദ്. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്സിലാണുള്ളത്. പ്രസാദിനു പിന്നാലെ ശ്രീലക്ഷ്മിയുടെ അച്ഛനും കോയമ്പത്തൂരെത്തിയിട്ടുണ്ട്. പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തുള്ള പ്രദീപിന്റെ ഇരുനില വീടിനുള്ളിലേയ്ക്ക് ആർക്കും പ്രവേശനമില്ല. പൂമുഖത്തെ ഇരു തൂണുകളും ചേർത്ത് ചുവന്ന റിബ്ബൺ കെട്ടിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ മുതൽ നാട്ടുകാരും അയൽക്കാരും കാത്തിരിക്കുകയാണ്. വീടിനുള്ളിലും പൂമുഖത്തുമായി ഏതാനും ബന്ധുക്കളുണ്ട്. പൂമുഖത്ത് വ്യോമസേനാ വേഷമിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന പ്രദീപിന്റെ ചിത്രം. അതിനു മുന്നിൽ വിളക്ക് തെളിയുന്നു. എല്ലാവരും കാത്തിരിക്കുകയാണ് പ്രിയപ്പെട്ട പ്രദീപിന് അവസാനമായി അന്ത്യാഞ്ജലി നൽകാൻ.
മരണത്തോളം കാത്തുസൂക്ഷിച്ച വിശ്വസ്തത
ഒല്ലൂർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സുരക്ഷാടീമിലെ ജൂനിയർ വാറന്റ് ഓഫീസറും സുലൂരിലെ ഫ്ളൈറ്റ് എൻജിനീയറുമായിരുന്നു പ്രദീപ്കുമാർ. എന്നാൽ, ഈ പദവിയിൽ നിയമിതനായിട്ടും പ്രദീപ് ഇക്കാര്യം നാട്ടിലും വീട്ടിലും ആരോടും പങ്കുവെച്ചിട്ടില്ല. തന്റേത് വലിയൊരു പദവിയും ദൗത്യവുമായിരുന്നുവെന്നത് വലിയ വിശേഷമായി പ്രചരിപ്പിക്കാൻ ശ്രമിച്ചുമില്ല.
ഈയടുത്ത് നാട്ടിൽ വന്ന് മടങ്ങിയ പ്രദീപ് ഏതാനും ദിവസം മുമ്പാണ് ഹെലികോപ്റ്ററിൽ ഔദ്യോഗിക യൂണിഫോം ധരിച്ച ചിത്രം മൊബൈൽ ഫോണിൽ വീട്ടിലേയ്ക്ക് അയച്ചുകൊടുത്തത്.
അപ്പോഴും തന്റെ പദവിയെക്കുറിച്ച് വിസ്തരിച്ചില്ല. സേനയിൽ രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും നാട്ടിലെത്തിയാൽ പ്രദീപ് ഇവിടെയുള്ള വിശേഷങ്ങളിലും ആഘോഷങ്ങളിലും മുഴുകും. ഔദ്യോഗികജീവിതവും കൃത്യനിർവഹണവും സൗഹൃദസംഭാഷണങ്ങളിൽപ്പോലും കടന്നു വരുന്നത് വിരളമാണെന്ന് സുഹൃത്തുക്കളും പറയുന്നു.
കുട്ടിക്കാലത്തും സ്കൂൾ ജീവിതത്തിലും ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് പിന്നീടും കൂട്ടുകാരായത്. സ്കൂൾ പഠനം കഴിഞ്ഞ് കൂട്ടുകാരിൽ പലരും എയർഫോഴ്സിൽ പരിശീലനത്തിന് ചേർന്നെങ്കിലും ലക്ഷ്യം നേടിയത് പ്രദീപ് മാത്രമാണ്.
ഓർമയിലേക്ക് ഡിസംബർ 30…
പൊന്നൂക്കര: അവരിപ്പോൾ ഓർക്കുന്നത് ഓർമയെന്ന് പേരിട്ട ആ ദിവസത്തെയാണ്. ആ പേര് വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചുപോവുകയാണ്. ആത്മസുഹൃത്തിനെ ജീവിതകാലം മുഴുവൻ ഓർക്കാൻ ആ ദിവസം കൂട്ടുകാർ കുറിച്ചുവെക്കുകയാണ് -ഡിസംബർ 30.
പുത്തൂർ ഗവ. സ്കൂളിൽ 2000-ലെ പത്താംക്ലാസ് ബി വിദ്യാർഥിയായിരുന്നു എ. പ്രദീപ് കുമാർ. പഠനംകഴിഞ്ഞ് പലരും പല വഴിതേടി. വ്യോമസേനയിലെ പരിശീലനത്തിന് പ്രദീപും പോയി. പിന്നീട് ഇടക്ക് നാട്ടിലെത്തുമ്പോഴെല്ലാം പഴയ സൗഹൃദം പുതുക്കാൻ മറക്കാറില്ല. പതിവായുള്ള കൂട്ടായ്മ പുതുക്കൽവേളയിലാണ് ക്ലാസ്മേറ്റ്സ് സംഗമം എന്ന ആശയം ഇവർ മുന്നോട്ടുവെച്ചത്. പതിനെട്ടുവർഷം കഴിഞ്ഞ് 2018-ലാണ് സംഗമം ആദ്യ ആഘോഷമായി മാറിയത്. എല്ലാ ബാച്ചുകാരും അധ്യാപകരും ചടങ്ങിനെത്തി. കൂട്ടായ്മക്ക് പേരു നിർദേശിച്ചത് പ്രദീപായിരുന്നു. ഓർമ (ഒഫീഷ്യൽ റീയൂണിയൻ ഓഫ് മില്ലേനിയം ആഡിയം) മറ്റുള്ളവർ അതിന് വിശദമായ നിർവചനവും നൽകി. പീന്നീട് വിവിധ കാരണങ്ങളാൽ ആ ഒത്തുചേരൽ നടന്നില്ല. ഈ വർഷം നടത്താൻ ആലോചിച്ചെങ്കിലും നാട്ടിലെത്തിയ പ്രദീപിന് തിരക്കുമൂലം കൂടുതൽ അവധി കിട്ടിയില്ല.
രാജ്യം നടുങ്ങിയ വാർത്തയിൽ പ്രിയപ്പെട്ട സഹപാഠി എന്നെന്നേക്കും ഒരോർമയായി മാറുമെന്ന് സ്വപ്നത്തിൽ പോലും ഇവർ വിചാരിച്ചിരുന്നില്ല. മരണ വിവരമറിഞ്ഞ നിമിഷം മുതൽ ഇവർ പ്രദീപിന്റെ വീട്ടിൽ വന്നും പോയുമിരിക്കുന്നു. രാജകൃഷ്ണനും രാജേഷും അജിത്തും അനൂപും ഫെബിനും ബിനീഷുമെല്ലാം ഓർത്തുപോകുന്നത് അന്നത്തെ ക്ഷണക്കത്തിൽ അച്ചടിച്ച വരികളാണ്. ഇനി വരില്ലെന്നറിയാമെങ്കിലും, ഇനി നമ്മൾ തിരയുന്നു ഇന്നലെകളെ… ഒത്തുകൂടണം, ഓർത്തെടുക്കണം, ഓർമകൾക്ക് മാത്രമാണ് മരണമില്ലാത്തത്….
അവനെന്നും പൊന്നൂക്കരയുടെ പ്രിയപ്പെട്ടവൻ
തൃശ്ശൂർ: ധീരസൈനികനായി രാജ്യത്തെ വിവിധയിടങ്ങളിൽ സേവനമനുഷ്ഠിക്കുന്പോഴും പ്രദീപ്കുമാർ എന്നും പൊന്നൂക്കരയെ അത്രമേൽ സ്നേഹിച്ചു. നാട്ടിലെത്തുമ്പോൾ തനി പൊന്നൂക്കരക്കാരനായി മാറും. തൃശ്ശൂരിലെ കിഴക്കൻ മലയോരത്തുള്ള പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കരയിൽ സാധാരണ കുടുംബത്തിലാണ് പ്രദീപ് ജനിച്ചത്. അച്ഛനും അമ്മയും അനിയനും ഉൾപ്പെട്ട കുടുംബത്തെ എന്നും പ്രദീപ് ചേർത്തു പിടിച്ചിട്ടേയൂള്ളൂ -അയൽക്കാർ ഒരേസ്വരത്തിൽ പറയുന്നു.
അച്ഛൻ രാധാകൃഷ്ണൻ കൂലിപ്പണിക്കാരനായിരുന്നു. ഏതാനും വർഷങ്ങളായി ശ്വാസകോശസംബന്ധമായ അസുഖമുണ്ട്. അതുകൊണ്ടുതന്നെ വ്യോമസേനയിൽ അംഗമായി അധികം വൈകാതെ അച്ഛനോട് പണിക്കുപോകേണ്ടെന്ന് പ്രദീപ് നിർദേശിച്ചു. അമ്മ തൊഴിലുറപ്പു തൊഴിലാളിയായിരുന്നു. ഏക സഹോദരൻ പ്രസാദ് മെഡിക്കൽ റെപ്രസെന്റേറ്റീവാണ്.
ഓടിട്ട ചെറുവീട് മാറ്റി ഇരുനിലവീടാക്കി. അവിടെ അമ്മയ്ക്കും അച്ഛനും വേണ്ട സൗകര്യങ്ങളൊരുക്കി. അനിയന് നല്ലൊരു ജോലി നേടിക്കൊടുക്കാൻ ശ്രമിച്ചു. ഈയിടെ അസുഖമേറി അച്ഛനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുഴുവൻ സമയം കൂട്ടിരുന്നു. തിരിച്ച് വീട്ടിലെത്തിച്ച് ലക്ഷങ്ങൾ മുടക്കി വെന്റിലേറ്റർ സൗകര്യമൊരുക്കി. എല്ലാം തയ്യാറാക്കിയശേഷമാണ് ഏതാനും ദിവസം മുമ്പ് കോയമ്പത്തൂരിലേക്ക് മടങ്ങിയത്.
ഓരോ തവണ നാട്ടിലെത്തുമ്പോഴും സുഹൃത്തുക്കളെയെല്ലാം കാണാനെത്തും. സഹായങ്ങൾ ചെയ്യും. സമീപത്തെ മൈമ്പിള്ളി ശിവക്ഷേത്രത്തിലെ പ്രസാദഊട്ട് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികസഹായം നൽകാൻ മുന്നിലുണ്ടാകാറുണ്ടെന്നും നാട്ടുകാർ ഓർക്കുന്നു. ക്ഷേത്രത്തിലെ പ്രസാദഊട്ടിന് ഭക്ഷണം വിളമ്പാൻ കൂടിയിരുന്ന പ്രദീപ് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നുവെന്ന് പറയുമ്പോൾ മുൻ പഞ്ചായത്ത് പ്രസിഡന്റും അയൽക്കാരിയുമായ അംബികാദാസിന്റെ കണ്ണു നിറഞ്ഞു.
പൊന്നൂക്കര എൽ.പി. സ്കൂളിലും പുത്തൂർ ഹൈസ്കൂളിലും ചെമ്പൂക്കാവ് ടെക്നിക്കൽ സ്കൂളിലുമായാണ് പ്രദീപ് വിദ്യാഭാസം പൂർത്തിയാക്കിയത്. 2004-ലാണ് വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. ആറുമാസം മുമ്പാണ് കോയമ്പത്തൂർ സൂലൂരിലെത്തിയത്. 20 വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്കു മടങ്ങാൻ ആലോചിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ടീച്ചറേ, എന്നെ ഓർക്കുന്നോ…?
തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ആ ചെറുപ്പക്കാരൻ എന്റെയടുത്തേക്കോടിയെത്തി. എന്നിട്ട് ചോദിച്ചു, ടീച്ചറേ എന്നെ ഓർക്കുന്നോ. ഞാൻ പ്രദീപ്, 2000 ബാച്ചിലെ… അവധിക്ക് വന്നശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അവൻ. ഏതാനും വർഷങ്ങൾക്കുമുമ്പായിരുന്നു ആ കൂടിക്കാഴ്ച -പ്രിയശിഷ്യനെ അവസാനമായി കണ്ടത് മിനി ടീച്ചർ ഓർത്തെടുത്തു.
പഠിപ്പിച്ച കുട്ടികളെ എത്രകാലം കഴിഞ്ഞാലും മറക്കില്ല. അവരിൽ വ്യത്യസ്തരായവരെ പ്രത്യേകം ഓർക്കുമെന്നുമാത്രം. ശാന്തശീലനായൊരു വിദ്യാർഥി. പ്രദീപിനെ ഓർക്കുമ്പോൾ എനിക്കോർമ വരുന്നത് അവന്റെ ശാന്തതതന്നെയാണ്.
അധികം സംസാരമൊന്നുമില്ല. എന്നാൽ, ഞങ്ങൾ അധ്യാപകരോട് ബഹുമാനത്തോടെയേ പെരുമാറിയിരുന്നുള്ളൂ. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽനിന്നെത്തുന്ന കൗമാരക്കാരന്റെ സൗമ്യത അവനുണ്ടായിരുന്നു. 17 വർഷം ഞാൻ പുത്തൂർ സ്കൂളിൽ ജോലിചെയ്തു. 1999-2000 ബാച്ചിൽ എന്റെ ക്ലാസിലെ വിദ്യാർഥിയായിരുന്നു പ്രദീപ്. ക്ലാസ് ടീച്ചറെന്ന നിലയിൽ അടുപ്പം കാണിക്കുമ്പോഴും എന്നും ഒതുങ്ങിനിൽക്കുന്ന പ്രകൃതക്കാരനായിരുന്നു. സഹോദരൻ പ്രസാദിനെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ചേട്ടനേക്കാളേറെ സംസാരിക്കും.
പഠനത്തിൽ അതിസമർഥനൊന്നുമായിരുന്നില്ലെങ്കിലും ആ ബാച്ചിലെ എന്റെ ശിഷ്യരിൽ ആദ്യം ജോലി സമ്പാദിച്ചത് പ്രദീപാണ്. 2018-ൽ അവരുടെ ബാച്ചിന്റെ സംഗമത്തിന് എന്നെയും ക്ഷണിച്ചിരുന്നു. അന്ന് മുൻനിരയിൽത്തന്നെ പ്രദീപുണ്ടായിരുന്നു. വ്യോമസേനയിലെ ഉന്നതപദവിയിലെത്തിയിരുന്നെങ്കിലും സൗമ്യനായ പഴയ വിദ്യാർഥിയായിത്തന്നെയാണ് അവൻ എന്റെ മുന്നിലെത്തിയത്. ഇപ്പോൾ ഒല്ലൂർ വൈലോപ്പിള്ളി സ്മാരക ഹൈസ്കൂളിൽ അധ്യാപികയായ വി.ജെ. മിനിയുടെ വാക്കുകളിൽ പ്രിയശിഷ്യന്റെ അകാലത്തിലുള്ള വേർപാടിന്റെ വേദന.