തൃശ്ശൂർ: പത്തുമിനിറ്റോളം രക്തമൊലിപ്പിച്ച് ഒരു ജീവൻ റോഡിൽ കിടന്നത് കണ്ടിട്ടും കാണാത്തതുപോലെ അവരെല്ലാം പോയി. ഒടുവിൽ അതുവഴിവന്ന നിലമ്പൂർ സ്വദേശി മുഹമ്മദ് ഫായിസാണ് ആശുപത്രിയിലെത്തിക്കാൻ മനസ്സുകാണിച്ചത്.
അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പൊല്ലാപ്പിലാകുമെന്ന് പേടിച്ച് കണ്ടില്ലെന്നുനടിച്ച് പോയവരേ, നിങ്ങളൊന്ന് മനസ്സുവെച്ചിരുന്നെങ്കിൽ ഈ ജീവൻ രക്ഷിക്കാമായിരുന്നില്ലേ?
കോവിലകത്തുംപാടം എൽ.ഐ.സി. ഡിവിഷണൽ ഓഫീസിനു സമീപം റോഡിൽ ഇപ്പോഴുമുണ്ട് രക്തം പടർന്ന പാടും തകർന്ന സ്കൂട്ടറിന്റെ ചിതറിക്കിടക്കുന്ന കഷണങ്ങളും. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.എ. ജോൺസന് ജീവൻ നഷ്ടപ്പെട്ടത് ഇവിടെയാണ്.
ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റോഡ് മുറിച്ചുകടന്ന പശുവിനെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പശുവിന്റെ ഉടമസ്ഥനെതിരേ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ ഈസ്റ്റ് സി.ഐ. പി. ലാൽകുമാർ അറിയിച്ചു. ഇവിടെ പശുവിനെ സ്ഥിരം അഴിച്ചുവിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഹൈമാസ്റ്റ് വിളക്കുകൾ കണ്ണടച്ചു
എ.എസ്.ഐ. സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചത് കറുത്തനിറമുള്ള പശുവിനെയാണ്. പ്രദേശത്ത് ഹൈമാസ്റ്റ് വിളക്കുകളുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. ഇരുട്ടത്ത് പശുവിനെ കാണാതിരുന്നതാണ് അപകടത്തിലേക്ക് വഴിയൊരുക്കിയത്. നഗരത്തിൽ പലയിടങ്ങളിലെയും ഹൈമാസ്റ്റ് വിളക്കുകൾ കണ്ണടച്ചിട്ട് നാളുകളായി.
കാലികൾ പേടിസ്വപ്നമാകുമ്പോൾ
അയ്യന്തോൾ കളക്ടറേറ്റിന് സമീപം കാറിടിച്ച് കാള ചത്തത് ഒക്ടോബർ 12-നാണ്. പുലർച്ചെ വിമാനത്താവളത്തിൽനിന്ന് തിരിച്ചുവരുകയായിരുന്ന കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്. റോഡിന് നടുവിൽ കിടക്കുകയായിരുന്നു കാള. കാളയെ ഇടിച്ച് നിയന്ത്രണംവിട്ട കാർ സമീപത്തെ വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. ഡ്രൈവറടക്കം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
മാസങ്ങൾക്കുമുമ്പാണ് തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിലെ പാരാ ലീഗൽ വൊളന്റിയറായ സ്ത്രീയെ കാള പിറകിൽനിന്ന് കുത്തിപ്പരിക്കേൽപ്പിച്ച സംഭവം. വിയ്യൂരിൽ പശുവിനെ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചിട്ട് അധികമായില്ല. അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാലികൾമൂലം ഒട്ടേറെ അപകടങ്ങൾക്കാണ് നഗരം സാക്ഷിയായത്. തിരക്കിട്ടുപായുന്ന വാഹനങ്ങൾക്കരികിൽ കൂസലില്ലാതെ കന്നുകാലിക്കൂട്ടം വിശ്രമിക്കുന്നതും സ്ഥിരംകാഴ്ചയാണ്. ഒരുമാസംമുമ്പ് കോർപറേഷന്റെ നേതൃത്വത്തിൽ ഗോസംരക്ഷണസമിതി രൂപവത്കരിച്ചിരുന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാലികളെയെല്ലാം സ്വരാജ് റൗണ്ടിൽ ഇ.എസ്.ഐ.യ്ക്ക് സമീപമുള്ള പറമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ, രണ്ട് കാളക്കൂറ്റന്മാരിപ്പോഴും നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്നുണ്ട്. അവയെ ഉടൻ പിടികൂടി പറമ്പിലേക്ക് മാറ്റുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
എറണാകുളത്തെ ധ്യാൻ ഫൗണ്ടേഷന് കാലികളുടെ സംരക്ഷണച്ചുമതല കൈമാറാനാണ് കോർപറേഷന്റെ തീരുമാനം. ഞായറാഴ്ച ഫൗണ്ടേഷന്റെ എറണാകുളത്തുള്ള സംരക്ഷണകേന്ദ്രം കോർപറേഷൻ അധികൃതർ സന്ദർശിക്കും.
ജോൺസന് യാത്രാമൊഴി
അപകടത്തിൽ മരിച്ച എ.എസ്.ഐ.യ്ക്ക് സഹപ്രവർത്തകരും കുറ്റൂർ ഗ്രാമവും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. മൃതദേഹപരിശോധനയ്ക്കുശേഷം പോലീസ് കൺട്രോൾ റൂമിലും മണ്ണുത്തി സ്റ്റേഷനിലും പൊതുദർശനത്തിന് വെച്ചു. കൺട്രോൾ റൂമിൽ ഡി.ഐ.ജി. എ. അക്ബർ, പി. ബാലചന്ദ്രൻ എം.എൽ.എ., സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി. വി.കെ. രാജു തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി. നൂറുകണക്കിന് സഹപ്രവർത്തകർ പങ്കെടുത്തു.
മണ്ണുത്തി സ്റ്റേഷനിൽ അന്ത്യോപചാരമർപ്പിക്കാൻ മന്ത്രിമാരായ പി. പ്രസാദും കെ. രാജനുമെത്തി. തുടർന്ന് രണ്ടുമണിയോടെ കുറ്റൂർ പള്ളിക്ക് സമീപമുള്ള വീട്ടിലെത്തിച്ചു. പോലീസ് വകുപ്പിലെ സഹപ്രവർത്തകരും സഹപാഠികളും നാട്ടുകാരുമായി ഒട്ടേറെപ്പേർ വീട്ടിലെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം കുറ്റൂർ മേരിമാത പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
കവലക്കാട്ട് അന്തോണിയുടെയും ശോശന്നയുടെയും മകനാണ്. ഭാര്യ: ജിൻസി (അധ്യാപിക, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്കൂൾ). മക്കൾ: ജിസ്മി (പ്ലസ് വൺ വിദ്യാർഥി, കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്കൂൾ), ജോയൽ (എട്ടാം ക്ലാസ് വിദ്യാർഥി, പോട്ടോർ ഭാരതീയവിദ്യാഭവൻ).