കോഴിക്കോട് > വഖഫ് വിഷയത്തിൽ പള്ളിയിൽ മുസ്ലിം ലീഗ് നിർദേശാനുസരണം സംസാരിക്കാത്തതിന് ഇമാമിനെ പിരിച്ചുവിട്ടു. വടകര താഴെ അങ്ങാടി ജുമാഅത്ത് പള്ളി ഇമാം മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുറഹ്മാൻ ബാഖഫിയെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള പള്ളി കമ്മിറ്റിയാണ് നടപടിയെടുത്തത്. പള്ളിക്കമ്മിറ്റി നിർദേശം മാനിക്കാതെ ധിക്കാരപൂർവം പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രവർത്തകനാണ് അബ്ദുറഹ്മാൻ ബാഖഫി. കഴിഞ്ഞ വെള്ളിയാഴ്ച കുത്ബക്ക് ശേഷം വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് സംസാരിക്കണമെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികൾ അബ്ദുറഹിമാനോട് ആവശ്യപ്പെട്ടിരുന്നു. കുത്ബയും നിസ്കാരവും നടത്തിയ അദ്ദേഹം ലീഗിന്റെ രാഷ്ട്രീയ പ്രസംഗത്തിന് തയ്യാറായില്ല. അടുത്തദിവസം അസുഖം കാരണം ചികിത്സക്കായി നാട്ടിലേക്ക് പോകുമ്പോൾ ഇനി പള്ളിയിലേക്ക് വരേണ്ടെന്ന് പ്രസിഡന്റ് പി സി ഹസ്സൻകുട്ടി ഹാജിയും മറ്റു ഭാരവാഹികളും അറിയിക്കുകയായിരുന്നു.
പാണക്കാട് കുടുംബത്തെ
അണിനിരത്തി ലീഗ് വഖഫ് റാലി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും വഖഫ് സമരത്തിനില്ലെന്ന് വ്യക്തമാക്കിയതിന്റെ തിരിച്ചടിക്കിടെ പാണക്കാട് തങ്ങൾ കുടുംബത്തെയാകെ അണിനിരത്തി മുസ്ലിംലീഗിന്റെ വഖഫ് സമ്മേളനം. സമുദായ വികാരമുണർത്തുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ കുടുംബാംഗങ്ങളെ വേദിയിലെത്തിച്ചത്. സാദിഖലി, റഷീദലി, അബ്ബാസലി, മുനവറലി, മുഈൻഅലി, ബഷീറലി തുടങ്ങിയവരെയെല്ലാം എത്തിച്ചു.
രോഗബാധിതനായ ഹൈദരലി തങ്ങൾ ഒഴികെ പാണക്കാട് കുടുംബമാകെ എത്തിയതായി നേതാക്കൾ പ്രസംഗത്തിൽ ആവർത്തിച്ചു. പാണക്കാട് തങ്ങൾമാർ വിരൽഞൊടിക്കുന്നിടത്താണ് ലീഗും സമുദായവുമെന്ന് അധ്യക്ഷനായ എം കെ മുനീർ പറഞ്ഞു. സാദിഖലി ശിഹാബ്തങ്ങൾ റാലി ഉദ്ഘാടനംചെയ്തു. മതപണ്ഡിതരെല്ലാം ലീഗിനോട് ചേർന്നുനിന്നതാണ് ചരിത്രമെന്ന് സമസ്തയുടെ പഴയകാല നേതാക്കളുടെ പേര് പരാമർശിച്ച് സാദിഖലി സൂചിപ്പിച്ചു. അതിൽ വിള്ളലുണ്ടാക്കാൻ ആര് ശ്രമിച്ചാലും സാധിക്കില്ലെന്നും അവകാശപ്പെട്ടു. ലീഗ് എന്നും മുഖ്യധാരാ സംഘടനകളെ മാത്രമേ സമുദായ കൂട്ടായ്മയിൽ പങ്കെടുപ്പിച്ചിട്ടുള്ളൂവെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളുമെല്ലാമായി കൂടിയാലോചിച്ചാണ് പള്ളികളിൽ ഉദ്ബോധനത്തിന് തീരുമാനിച്ചതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയിലുള്ള പി എം എ സലാം പറഞ്ഞു. കെ പി എ മജീദ് എംഎൽഎ, പി എസ് അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ രണ്ടത്താണി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.