കൊച്ചി
സ്കൂൾ വിദ്യാർഥികൾക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലുമായി ദേശാഭിമാനി അക്ഷരമുറ്റം വീണ്ടുമെത്തുന്നു. സംസ്ഥാനത്തെ ഉദ്ദേശം 15,000 സ്കൂളുകളിലായി 40 ലക്ഷത്തിലധികം വിദ്യാർഥികൾ വിജ്ഞാനമഹോത്സവത്തിൽ മാറ്റുരയ്ക്കും. മത്സരത്തിന്റെ 10–-ാംസീസണിലും നടൻ മോഹൻലാലാണ് ഗുഡ്വിൽ അംബാസഡർ. കോവിഡ് മഹാമാരി വിദ്യാർഥികളിലുണ്ടാക്കിയ മടുപ്പ് അകറ്റുകയും പുതിയ പ്രസരിപ്പ് വീണ്ടെടുക്കുകയുമാണ് ലക്ഷ്യം. നാലുഘട്ടങ്ങളായി നടക്കുന്ന ക്വിസ് ഫെസ്റ്റിവലിന്റെ പ്രാഥമികഘട്ടമായ സ്കൂൾ മത്സരങ്ങൾ 2022 ജനുവരി 12ന് നടക്കും.
കെജിമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനസംവിധാനം ലഭ്യമാക്കുന്ന ‘പ്രാണ ഇൻസൈറ്റ് ലേണിങ് ആപ്’ ടൈറ്റിൽ സ്പോൺസറാകും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ദേശാഭിമാനി അക്ഷരമുറ്റം നൽകുന്ന ഒരുകോടി രൂപയുടെ ക്യാഷ് അവാർഡിനുപുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്കായി ഒരു കോടിരൂപയുടെ പ്രാണ ലേണിങ് ആപ്പുകൾ സമ്മാനമായി നൽകും.
വിദ്യാർഥി പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിലൊന്നായി യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ (യുആർഎഫ്) അംഗീകാരം നേടിയതാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ. എൽപിമുതൽ ഹൈസ്കൂൾ തലംവരെയുള്ള വിദ്യാർഥികൾക്ക് അറിവിന്റെ പോരാട്ടത്തിൽ പങ്കാളികളാകാം. സ്കൂളുകളുടെ രജിസ്ട്രേഷൻ 15ന് ആരംഭിക്കും. 2022 ജനുവരി പതിനൊന്നാണ് അവസാനതീയതി. സ്കൂൾതല വിജയികൾ ജനുവരി 19ന് സബ്ജില്ലാ തലത്തിൽ മാറ്റുരയ്ക്കും. സ്കൂൾ, സബ്ജില്ലാ മത്സരങ്ങൾ ഓൺലൈനായാണ്. ജനുവരി 29ന് 14 ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡംപാലിച്ച് ജില്ലാമത്സരം നടക്കും. ഫെബ്രുവരി പത്തൊമ്പതിനാണ് സംസ്ഥാന മെഗാഫൈനൽ. പ്രാണ ഇൻസൈറ്റ് ലേണിങ് ആപ്പിന് ക്വിസ് മത്സരാഘോഷത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സിഇഒ മിഥുൻ പി പുല്ലുമേട്ടിൽ പറഞ്ഞു.