തിരുവനന്തപുരം
സംസ്ഥാനത്ത് 30 ജില്ല,- ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പാക്കാൻ 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാൽക്കരിക്കാൻ നടപടി പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച അറുനൂറോളം കേന്ദ്രത്തിലും 12 മെഡിക്കൽ കോളേജിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പാക്കാൻ നടപടി സ്വീകരിച്ചു. ഈ സർക്കാരിന്റെ കാലാവധി തീരും മുമ്പ് 1284 ആശുപത്രിയിലും ഇ ഹെൽത്ത് നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഇ ഹെൽത്ത് നടപ്പാക്കുന്നതോടെ ആശുപത്രികളിൽ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകും. ആലപ്പുഴ –- മാവേലിക്കര, ചെങ്ങന്നൂർ, എറണാകുളം –- ആലുവ, ഇടുക്കി , തൊടുപുഴ , കൊല്ലം, കണ്ണൂർ, കാസർകോട് –- കാഞ്ഞങ്ങാട്, മലപ്പുറം –- തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പാലക്കാട്, പത്തനംതിട്ട –- കോഴഞ്ചേരി, തൃശൂർ –- വടക്കാഞ്ചേരി, വയനാട് –-മാനന്തവാടി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ, എറണാകുളം –- മൂവാറ്റുപുഴ, കോഴിക്കോട് , കണ്ണൂർ –- തലശേരി, കാസർകോട്, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മലപ്പുറം –- മഞ്ചേരി , പത്തനംതിട്ട, അടൂർ, തൃശൂർ, ഇരിങ്ങാലക്കുട, വയനാട് –- കൽപ്പറ്റ എന്നീ ജനറൽ ആശുപത്രികളിലുമാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുക.