ഒല്ലൂർ
ഊട്ടി ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വിയോഗം താങ്ങാനാവാതെ ജന്മനാട്. നാടിന്റെ ധീരപുത്രനെ അവസാനമായി ഒരു നോക്കുകാണാൻ അവർ കാത്തിരിക്കുകയാണ്, കണ്ണീർപ്പൂക്കളുമായി. നാടിന്റെ വീഥികളിലെല്ലാം പ്രദീപിന് പ്രണാമമർപ്പിച്ചുള്ള ബോർഡുകളാണ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെ വീട്ടിൽ എത്തിക്കുമെന്നാമ് നേരത്തേ അറിയിച്ചത്. എന്നാൽ, സൈനികരുടെയെല്ലാം മൃതദേഹം കോയമ്പത്തൂരിൽനിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോയി. അവിടെ ഔദ്യോഗിക ചടങ്ങ് പൂർത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. വെള്ളിയാഴ്ച എത്തിക്കുമെന്നാണ് സൂചന.
പ്രദീപിന്റെ മരണവാർത്തയറിഞ്ഞ് നാനാതുറകളിലുള്ളവർ പൊന്നൂക്കരയിലെ വീട്ടിലേക്ക് ഒഴുകി. അച്ഛൻ രാമകൃഷ്ണൻ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ വീട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. പൊലീസ് സുരക്ഷാ ക്രമീകരണവും ഏർപ്പെടുത്തി. റവന്യു മന്ത്രി കെ രാജൻ വീട്ടിലെത്തി.