തിരുവനന്തപുരം
ബിജെപി ഭാരവാഹികളുടെ ജംബോ പട്ടിക കെ സുരേന്ദ്രൻ പുറത്തിറക്കിയ ദിവസം തന്നെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാർടിക്ക് സമ്പൂർണ പരാജയമെന്ന് വിമതർ. ദേശീയ കൗൺസിൽ മുതൽ മേഖലാതലം വരെയുള്ള പുനഃസംഘടനയിൽ എതിർപക്ഷത്തുള്ളവരെ പൂർണമായും തഴഞ്ഞു. അതേസമയം, ചില മുൻകാലനേതാക്കളുടെ പേരെഴുതിച്ചേർത്ത് കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും എം ടി രമേശ്, ശോഭ പക്ഷം പറയുന്നു. പ്രമുഖനായ ജെ ആർ പത്മകുമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയപ്പോൾ അടുത്തിടെ വന്ന മാധ്യമപ്രവർത്തകരെയടക്കം പരിഗണിച്ചു. എല്ലാവരെയും ഉൾക്കൊണ്ട് പോകണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശവും കോർകമ്മിറ്റിയിലെ ഉപദേശവും ചെവിക്കൊള്ളാതെയാണ് 150 അംഗ ഭാരവാഹിപ്പട്ടികയെന്നും വിമർശമുയർന്നു.
പിറവം നഗരസഭയിൽ നിർണായക ശക്തിയാകുമെന്ന് പറഞ്ഞെങ്കിലും കിട്ടിയത് ആറ് വോട്ട്. തിരുവനന്തപുരം ജില്ലയിൽ സ്ഥിതി പരമ ദയനീയം. പോത്തൻകോട്, ചിറയിൻകീഴ്, ശ്രീകൃഷ്ണപുരം, മതിലകം തുടങ്ങി ഉപതെരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം വാർഡുകളിലും നേട്ടമുണ്ടാക്കാനായില്ല. സംഘപരിവാർ നടത്തുന്ന അക്ഷയശ്രീ അംഗങ്ങൾപോലും വോട്ട്ചെയ്തില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. പത്ത് ലക്ഷത്തിലധികം കേഡർമാരുള്ളപ്പോഴും അത് നേട്ടമാക്കാൻ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആർഎസ്എസ് നേതാവ് പറയുന്നു. സഹകാർ ഭാരതിയും ഹിന്ദു ബാങ്കും വഴി കോടികൾ ചെലവഴിച്ചിട്ടും വോട്ടാക്കാനാകുന്നില്ല. 2011 ലെ കണക്ക് പറഞ്ഞ് ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് വിമത നേതാക്കളുടെ വാദം.