ന്യൂഡല്‍ഹി > കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചു. പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങള്‍ പാലം വ്യോമതാവളത്തില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.
രാവിലെ ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് ശേഷം റോഡ് മാര്‍ഗം വിലാപയാത്രയായാണ് സുളൂരിലെ സൈനിക താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് വ്യോമസേനയുടെ രണ്ട് പ്രത്യേക വിമാനങ്ങളില്‍ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുവദിക്കും. തുടര്‍ന്ന് കാമരാജ് മാര്‍ഗില്‍ നിന്ന് ദില്ലി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. എല്ലാ ബഹുമതികളും നല്‍കിയാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.
ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, മലയാളിയായ എ പ്രദീപ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ എന്നിവരാണ് ഇന്നലെ അപകടത്തില്‍ അന്തരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ ക്യാപ്റ്റന്‍ വരുണ്‍സിങ് മാത്രമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റിയിരുന്നു. ഊട്ടി വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്നും റോഡുമാര്‍ഗം സുളൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചശേഷം അവിടെ നിന്നും വിമാനമാര്‍ഗം ബംഗലൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബംഗലൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലാണ് വരുണ്‍ സിങിനെ പ്രവേശിപ്പിച്ചത്.