തിരുവനന്തപുരം: അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിനുള്ള കേരളീയം-വി.കെ. മാധവൻകുട്ടി പുരസ്കാരം മാത്യഭൂമി സീനിയർ സബ് എഡിറ്റർ അനു എബ്രഹാമിന്. മാത്യഭൂമിയിൽ പ്രസിദ്ധീകരിച്ച മിന്നുന്നതെല്ലാം ചാരിറ്റിയല്ല എന്ന പരമ്പരയാണ് അനു എബ്രഹാമിനെ അവാർഡിന് അർഹനാക്കിയത്.
ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിനുള്ള അവാർഡ് 24 ന്യൂസ് ചാനലിലെ അലക്സ് റാം മൊഹമ്മദ് കരസ്ഥമാക്കി. ദൃശ്യ മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ഡൽഹി റസിഡന്റ് എഡിറ്റർ പ്രശാന്ത് രഘുവംശത്തിനേയും അച്ചടി മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് ചന്ദ്രിക എഡിറ്റർ കമാൽ വരദൂരിനേയും തിരഞ്ഞെടുത്തു.
ഗ്ലോബൽ കേരളാ ഇനിഷ്യറ്റീവ് കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവർത്തകനുമായിരുന്ന വി.കെ. മാധവൻകുട്ടിയുടെ സ്മരണാർത്ഥം ഓരോ വർഷവും അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്നവർക്കായാണ് കേരളീയം അവാർഡുകൾ നൽകുന്നത്. 50001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് (റിട്ട.) അധ്യക്ഷനും കെ.വി. സുധാകരൻ (സംസ്ഥാന വിവരാവകാശ കമ്മീഷണർ), വി.എസ്. രാജേഷ് (ഡെപ്യൂട്ടി എഡിറ്റർ, കേരളാ കൗമുദി), സരസ്വതി നാഗരാജൻ (ചീഫ് റിപ്പോർട്ടർ, ദി ഹിന്ദു). ലാലു ജോസഫ് എന്നിവർ അംഗങ്ങളുമായ വിധി നിർണ്ണയസമിതിയാണ് അവാർഡ് തീരുമാനിച്ചത്.
Content Highlights:Anu Abraham bags Keraleeyam-VK Madhavankutty Award















