തിരുവനന്തപുരം:ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫും നിലനിർത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാർഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പിൽ 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എൽഡിഎഫിനും അംഗബലം തുല്യമായതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാൻ ഇരുകൂട്ടർക്കും നിർണായകമായിരുന്നു.ആലപ്പുഴ അരൂർ. പാലക്കാട് ശ്രീകൃഷ്ണപുരം, കോഴിക്കോട് നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.
ഇടപ്പള്ളിച്ചിറയിൽ വിജയം: പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി
പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. ഇടപ്പള്ളിച്ചിറ വാർഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ഡോ അജേഷ് മനോഹർ വിജയിച്ചത്. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമായതിനാൽ 14 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് ഏറെ വീറും വാശിയുമുണ്ടായിരുന്നു
കൊച്ചി കോർപറേഷൻ ഭരണത്തിൽ നിർണായകമായ ഗാന്ധിനഗർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു ശിവൻ കോൺഗ്രസിലെ പി.ഡി മാർട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്
കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കളരിപ്പടി വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ വി.ജി അനിൽകുമാറാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.
മാഞ്ഞൂർ പഞ്ചായത്തിലെ 12 ാം വാർഡായ മാഞ്ഞൂർ സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സുനു ജോർഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു
കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.കെ ബാബു എൽഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
പൂക്കോട്ടൂർ പഞ്ചായത്തിലെ ചീനിക്കൽ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുൾസത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകട് വാർഡിൽ 1490 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു.
തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പിയിലെ പ്രദീപ്കുമാർ 317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ സ്ഥാനാർഥിയെ തോൽപിച്ചു.
ഒങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎമ്മിലെ കെ അശോകൻ 380 വോട്ടിന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാർഡിൽ സിപിഎം സ്ഥാനാർഥി 169 വോട്ടിന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തായി.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. വിജയം 47 വോട്ടിന്.
പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സിപിഎമ്മിലെ സോമദാസൻ 1381 വോട്ടിന് വിജയിച്ചു.
നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാർഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രൻ വിജയിച്ചത്
Content Highlights: bypoll results















