വാഹനങ്ങളിൽ അനുവദനീയമായ ഹോണുകൾ നീക്കം ചെയ്ത് ശബ്ദം കൂടിയ തോതിലുള്ള ഹോണുകൾ വാഹനങ്ങളിൽ പിടിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്. നാഷണൽ പെർമിറ്റ് വാഹനങ്ങളിലാണ് ഉയർന്ന ശബ്ദത്തിലുള്ള ഹോൺ മുഴക്കൽ രൂക്ഷമാണെന്ന ആരോപണം ശക്തമാണ്.
സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. വാഹനങ്ങൾ പരിശോധിക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിലാകും പരിശോധന നടത്തുക. പരിശോധനയിൽ ഉയർന്ന ശബ്ദത്തിലുള്ള ഹോൺ ഘടിപ്പിച്ചതായി കണ്ടെത്തിയാൽ 2000 രൂപയാണ് പിഴയായി ഈടാക്കുക. വാഹനങ്ങളിൽ ഉയർന്ന ശബ്ദത്തിലുള്ള ഹോൺ ഘടിപ്പിക്കുന്നത് മൂലം മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായുള്ള പരാതി വ്യാപകമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോർവാഹന വകുപ്പിനടക്കം നിരവധി പരാതികളാണ് ലഭിച്ചത്.
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ഹോണുകൾ ഉപയോഗിക്കുന്നുവെന്ന കൂടുതൽ പരാതികൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. ഭയപ്പെടുന്ന തരത്തിലുള്ള ഹോൺ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഒരു വിഭാഗമാളുകൾ വ്യക്തമാക്കുന്നത്. ഇരുചക്രവാഹനയാത്രക്കാരെ. പിന്നിൽനിന്നുള്ള ഹോണടികേട്ട് ഇവർ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബെലാണ് ശബ്ദപരിധി. കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾക്കും 82 ഡെസിബലാണ് അനുവദിച്ചിരിക്കുന്നത്. 4,000 കിലോയ്ക്ക് താഴെയുള്ള ഡീസൽ, പാസഞ്ചർ അല്ലെങ്കിൽ ലഘുവ്യാവസായിക വാഹനങ്ങൾക്ക് 85 ഡെസിബലും 4,00 -12,000 കിലോയ്ക്ക് ഇടയിൽ ഭാരമുള്ള യാത്ര – വ്യവസായിക വാഹനങ്ങൾക്ക് 89 ഡെസിബലുമാണ് അനുവദിച്ചിരിക്കുന്ന പരിധി.