ഇടുക്കി > മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നു. ഇന്ന് പുലർച്ചെ കൂടുതൽ ഷട്ടറുകളുയർത്തിയതോടെ പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗർ ഭാഗത്തെ റോഡുകളിൽ പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു.
ഒമ്പത് ഷട്ടറുകളാണ് ഇന്ന് പുലർച്ചെയോടെ തുറന്നത്. ഇതിൽ മൂന്ന് ഷട്ടറുകൾ രാവിലെ ഒമ്പത് മണിയോടെ അടച്ചു. ഇതോടെ നിലവിൽ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. രാത്രിയിൽ മുന്നറിയിപ്പ് ഇല്ലാതെ തമിഴ്നാട് ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ഒന്‍പത് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത്. 7140 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. മുല്ലപ്പെരിയാർ തുറക്കുന്ന കാര്യത്തിൽ തമിഴ്നാട് മര്യാദ ലംഘിച്ചുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.