തിരുവനന്തപുരം
കേരള കൈത്തറി ഉൽപ്പന്നങ്ങൾക്ക് പുതിയ മുദ്രയായി. മുദ്രയുടെ പ്രകാശനവും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ് പദ്ധതി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൈത്തറിയ്ക്ക് ലോകത്ത് വലിയ താൽപ്പര്യമുയരുന്ന കാലമാണിതെന്നും മുദ്ര ലോക മാർക്കറ്റിൽ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി രാജീവ് അധ്യക്ഷനായി. മുദ്ര രൂപകൽപ്പന ചെയ്ത കെ കെ ഷിബിന് മുഖ്യമന്ത്രി ഉപഹാരം നൽകി. കൈത്തറി ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ് സംബന്ധിച്ച് കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പഠനം നടത്തി രൂപരേഖ സർക്കാരിന് കൈമാറിയിരുന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പത്മശ്രീ ഗോപിനാഥ്, കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടർ കെ എസ് പ്രദീപ്കുമാർ, കെ പി സഹദേവൻ എന്നിവരും പങ്കെടുത്തു.