തിരുവനന്തപുരം
വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കീഡ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൻട്രപ്രണർഷിപ് ഡെവലപ്മെന്റ്) ഇനി മികവിന്റെ കേന്ദ്രം. ഔദ്യോഗിക പ്രഖ്യാപനം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം എംഎസ്എംഇകൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എത്രപേർക്ക് പരിശീലനം നൽകി എന്നതിലല്ല, എത്ര സംരംഭകരെ സൃഷ്ടിച്ചു എന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡം. കേരളത്തിന്റെ പരിമിതികൾ മനസ്സിലാക്കിയുള്ള വ്യവസായ വികസനമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. എംഎസ്എംഇകൾ, ക്ലസ്റ്ററുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ഗ്രാമത്തിലും ചെറിയ ക്ലസ്റ്ററുകൾ തുടങ്ങണം. കോമൺ ഫെസിലിറ്റി സെന്ററുകളും കൂടുതലായി ആരംഭിക്കണം. കുട്ടികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 700 ഓളം സംരംഭകത്വ വികസന ക്ലബ്ബുകൾ സ്കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. മേയിൽ ഇത് ആയിരമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കീഡിന്റെ മാസ്റ്റർ പ്ലാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവന് മന്ത്രി കൈമാറി. കീഡിന്റെ ലോഗോയും പ്രകാശിപ്പിച്ചു. വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ കെ സുധീർ, കീഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ശരത് വി രാജ്, പ്രോഗ്രാം എക്സിക്യൂട്ടിവ് ആർ രാഹുൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.