കൊച്ചി
മുരിങ്ങൂർ പീഡനക്കേസിലെ ഇരയുടെ സുഹൃത്ത് ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്ന മയൂഖയുടെ ആവശ്യം ജസ്റ്റിസ് കെ ഹരിപാൽ തള്ളി. അന്വേഷണം പുരോഗമിക്കുകയാണെന്നും രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
ഹർജിക്കാരി ഒളിമ്പ്യനാണെന്ന് അഭിഭാഷകൻ ചുണ്ടിക്കാട്ടിയപ്പോൾ അതും കേസും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. പീഡനക്കേസിലെ പ്രതിയും മുൻ വൈദികനുമായ സി സി ജോൺസന്റെ സുഹൃത്ത് സാബു സെബാസ്റ്റ്യന്റെ പരാതിയിലാണ് മയൂഖയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ജോൺസണെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.
വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇരയ്ക്ക് പിന്തുണ നൽകുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്നാണ് മയൂഖയുടെ ആരോപണം.