ന്യൂഡൽഹി
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം, സിപിഐ രാജ്യസഭാ നേതാവ് ബിനോയ് വിശ്വം എന്നിവരുൾപ്പെടെ 12 രാജ്യസഭാംഗങ്ങളെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിലുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ചൊവ്വാഴ്ചയും രാജ്യസഭ പൂർണമായും സ്തംഭിച്ചു. പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണ തുടർന്നു. ലോക്സഭ, രാജ്യസഭ പ്രതിപക്ഷ എംപിമാർ ഇവിടെയെത്തി ഐക്യദാർഢ്യമറിയിച്ചു. എൻസിപി അധ്യക്ഷൻ ശരത് പവാറും ധർണയിൽ പങ്കെടുത്തു.
രാജ്യസഭയുടെ ശൂന്യവേളയും ചോദ്യോത്തരവേളയും പ്രതിപക്ഷ പ്രതിഷേധത്തിൽ മുടങ്ങി. രണ്ടിന് സഭ ചേർന്നപ്പോഴും നടപടികളിലേക്ക് കടക്കാനായില്ല. സസ്പെൻഷനിലായവർ മാപ്പുപറയണമെന്ന ആവശ്യം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവർത്തിച്ചു. എന്നാൽ, സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ആവശ്യം തള്ളി. ബുധൻ രാജ്യസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം സഭാ നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധ ധർണയിൽ പങ്കെടുക്കും.