കഴിഞ്ഞ മാസം ഇരുപതിനാണ് ബസ് കണ്ടക്ടർ അനിയോട് മോശമായി പെരുമാറിയത്. കരൾ രോഗിയായ അനി തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയ ശേഷം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് സഹോദരനൊപ്പം കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുമ്പോഴാണ് കണ്ടക്ടറിൽ നിന്നും മർദനം ഉണ്ടായതെന്നാണ് അനിലിൻ്റെ കുടുംബം വ്യക്തമാക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബസിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന അനിൽ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. മദ്യപാനിയെന്ന് വിളിച്ചാണ് കണ്ടകടർ മർദിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആദ്യം പെറ്റി നല്‍കിയെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടതോടെ ഇത് ഒഴിവാക്കി. ഷർട്ടിൻ്റെ കോളറിൽ പിടിച്ച് അനിയെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കാൻ കണ്ടക്ടർ ശ്രമിച്ചെന്ന് കുടുംബം വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ അനിയെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഏരൂരിലെ അമ്മയുടെ വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ അനിയെ കണ്ടെത്തിയത്. ബന്ധുക്കളെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നാണ് അനിയെ ആശുപത്രിൽ എത്തിച്ചത്. ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബസിൽ വെച്ചുണ്ടായ സംഭവത്തിൽ അനി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഇതേ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയതെന്നും കുടുംബം ആരോപിച്ചു.
മര്‍ദനമേറ്റതില്‍ പോലീസിനും മറ്റും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. അതേസമയം, പരാതി പരിശോധിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.