തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡുണ്ടാക്കി സുതാര്യമാക്കണമെന്നാണ് യു.ഡി.എഫ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നതെന്നും അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലീഗിനു മീതെ വർഗീയത അടിച്ചേൽപ്പിക്കാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ എന്ത് വർഗീയതയാണുള്ളതെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വീണ്ടും ചർച്ച നടത്താമെന്നതും സ്വാഗതാർഹമാണ്. നിയമസഭയിൽ വിശദമായ ചർച്ച നടന്നപ്പോൾ സമസ്ത നേതാക്കൾ ഉൾപ്പെടെ ഉന്നയിച്ച കാര്യങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ അതൊന്നും പരിഗണിക്കാതെ നടപ്പാക്കുമെന്ന പിടിവാശിയിലായിരുന്നു സർക്കാർ. കേന്ദ്രസർക്കാർ കാർഷിക ബിൽ പിൻവലിച്ചതു പോലെ വഖഫ് നിയമന ബില്ലും നിയമസഭ ചേർന്ന് പിൻവലിക്കേണ്ടി വരും.
ഏതെങ്കിലും മതവിഭാഗങ്ങളിൽപ്പെട്ടവർക്കു വേണ്ടി മാത്രം പി.എസ്.സി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാർമ്മികവുമാണ്. ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ നിയമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുണ്ടാക്കിയത്. അതുപോലെ വഖഫ് ബോർഡ് നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോർഡ് വഴിയാക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാരും മുഖ്യമന്ത്രിയും നിഷ്ക്രിയമാണെന്നും വി.ഡി സതീശൻ ആരോപിച്ചു. മേൽനോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സർക്കാർ കൈയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ആരുമായും ചർച്ച നടത്തുന്നില്ല. മിണ്ടാതിരുന്ന് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്.
മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയതും മേൽനോട്ട സമിതിയിൽ തമിഴ്നാടിന് അനുകൂലമായി തീരുമാനമെടുത്തതും സുപ്രീം കോടതിയിൽ കേരളത്തിന്റെ കേസ് ദുർബലമാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതും രാത്രിയിൽ വെള്ളം തുറന്നു വിടുന്നതിനെ എതിർക്കാത്തതും ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാർ വിഷയത്തിലെങ്കിലും തീരുമാനങ്ങളെടുക്കണം.
തമിഴ്നാട് ജലം തുറന്നുവിടുന്നത് വേദനാജനകമാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. വെള്ളം തുറന്നു വിടുന്നത് മുൻകൂട്ടി അറിയിക്കുമെന്നും രാത്രികാലങ്ങളിൽ ഷട്ടർ തുറക്കില്ലെന്നും കേരള, തമിഴ്നാട് പ്രതിനിധികൾ അംഗമായുള്ള ഡാം മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. എന്നാൽ തുടർച്ചയായി രാത്രികാലങ്ങളിൽ തമിഴ്നാട് വെള്ളം തുറന്നുവിടുകയാണ്. അതിനെതിരെ പ്രതികരിക്കാനോ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാനോ കേരള മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.