കൊച്ചി > വൈപ്പിന് നായരമ്പലത്ത് ദുരൂഹസാഹചര്യത്തില് വിധവയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില് ബിജെപി നേതാക്കളുടെ പങ്ക് മൂടിവെച്ച് മാധ്യമങ്ങള്. നായരമ്പലം ഭഗവതിക്ഷേത്രത്തിനു കിഴക്ക് പരേതനായ സാജുവിന്റെ ഭാര്യ സിന്ധു, മകന് അതുല് എന്നിവരുടെ മരണത്തില് ബിജെപി നേതാവായ പി ടി ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്. കര്ഷകമോര്ച്ച മണ്ഡലം നേതാവും 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയുമായായിരുന്നു ദിലീപ്. എന്നാല് പ്രധാനദിനപത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും ദിലീപിന്റെ രാഷ്ട്രീയബന്ധം വാര്ത്തയില് മറച്ചുവെച്ചു.
ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സിന്ധുവിനെ പതിവായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹോദരനെ കഴിഞ്ഞ ദിവസം ദിലീപ് മര്ദിച്ചിരുന്നു. ഇതില് സിന്ധു ഞാറയ്ക്കല് പൊലീസില് നല്കിയ പരാതിയില് ഇയാള് നാല്ദിവസം മുന്പ് സ്റ്റേഷന് ജാമ്യത്തില് ഇറങ്ങിയതാണ്. ഈ കേസ് ഒഴിവാക്കാന് ബിജെപി നേതാക്കള് ഇടപെട്ടുവെന്ന് സിന്ധുവിന്റെ ബന്ധുക്കള് വെളിപ്പെടുത്തി. എന്നാല് ഇക്കാര്യങ്ങളൊക്കെയും മനോരമയും മാതൃഭൂമിയും മൂടിവെച്ചു. കേസില് ബിജെപി നേതാക്കള് ഇടപെട്ടുവെന്ന് മാതൃഭൂമി ഓണ്ലൈന് എഡിഷനില് വാര്ത്ത നല്കിയെങ്കിലും പത്രത്തില് ഒരുവരിപോലും കൊടുത്തില്ല.
അതുലിനെ ദിലീപ് ഫോണില്വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.