കൊച്ചി > കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് പഠിച്ചാല് കുട്ടികള്ക്ക് നേട്ടമുണ്ടാകുമെന്ന വാദം ആവര്ത്തിച്ച് മുന് ഡിജിപി അലക്സാണ്ടര് ജേക്കബ്. തന്റെ പ്രസ്താവന സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്മത്തെക്കുറിച്ച് ക്ലാസെടുക്കുന്ന സന്യാസി ന്യൂയോര്ക്കില് നടത്തിയ പ്രസംഗം യൂടൂബില് താന് കണ്ടെന്നും, അതില്നിന്നാണ് കിഴക്ക് ദിശയെയും ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയിലെ പരീക്ഷണത്തെയും കുറിച്ച് അറിഞ്ഞതെന്നും അലക്സാണ്ടര് ജേക്കബ് പറഞ്ഞു. സന്യാസി കള്ളം പറയുമെന്ന് വിശ്വസിക്കുന്നില്ല. ഹിന്ദു ക്ഷേത്രങ്ങളും പള്ളികളും കിഴക്കോട്ട് തിരിഞ്ഞാണ് പണിതിരിക്കുന്നത്. കിഴക്കോട്ട് തിരിഞ്ഞ് പഠിക്കുമ്പോള് ബുദ്ധിശക്തി കൂടാന് സഹായിക്കും. കുട്ടികള്ക്ക് ഗുണപരമായ അഭിപ്രായം പറയുക മാത്രമാണ് താന് ചെയ്തതെന്നും മാധ്യമങ്ങള്ക്ക് നല്കിയ അഭിമുഖത്തില് അലക്സാണ്ടര് ജേക്കബ് വിശദീകരിച്ചു.
തന്റെ പ്രസംഗത്തിന്റെ ആധികാരികത തേടി ഹാര്വാര്ഡ് യൂണിവേഴ്സിറ്റിക്ക് പ്ലസ്ടു വിദ്യാര്ഥികള് കത്തയച്ചതിനെക്കുറിച്ചും അലക്സാണ്ടര് ജേക്കബ് പ്രതികരിച്ചു. ഹാര്വാര്ഡിലെ ചരിത്ര വിഭാഗത്തോടാണ് കുട്ടികള് മറുപടി ചോദിച്ചത്. എന്നാല് പഠനം നടത്തിയത് സൈക്കോളജി വിഭാഗമാണ്. അവരോടായിരുന്നു ചോദിക്കേണ്ടത്. കുട്ടികള്ക്ക് കിട്ടിയ മറുപടിയില് പോലും താന് പറഞ്ഞതിനെ യൂണിവേഴ്സിറ്റി നിഷേധിച്ചിട്ടില്ല. കിഴക്ക് ദിശയിലെ പഠനം സംബന്ധിച്ച പരീക്ഷണത്തെക്കുറിച്ച് വ്യക്തതയില്ലെന്നാണ് ഹാര്വാര്ഡ് മറുപടിയില് അറിയിച്ചത്.- അലക്സാണ്ടര് ജേക്കബ് പറഞ്ഞു.
കുട്ടികള്ക്ക് ഗുണമുണ്ടാകുന്ന കാര്യം പറയുക മാത്രമാണ് ചെയ്തത്. കേള്ക്കുന്ന മുഴുവന് കാര്യങ്ങളും സത്യമാണോയെന്ന് അന്വേഷിക്കാന് സാധിക്കില്ല. കിട്ടുന്ന വിവരങ്ങള് പങ്കുവെച്ചെന്നേയുള്ളൂ. ഒന്നരമണിക്കൂര് പ്രസംഗത്തില്നിന്ന് ചെറിയഭാഗം വളച്ചൊടിച്ചാണ് ഇപ്പോള് സോഷ്യല് മീഡിയയില് തനിക്കെതിരെ ട്രോളുകള് വരുന്നത്. കിഴക്ക് ദിശയിലേക്ക് നോക്കി പഠിച്ചതിനുശേഷം ഗുണമുണ്ടായതായി ആയിരക്കണക്കിന് കുട്ടികള് തന്നെ വിളിച്ച് നന്ദി പറയുന്നുണ്ട്. മലയാളിക്ക് സോഷ്യല്മീഡിയയില് ചര്ച്ച ചെയ്യാന് മറ്റനേകം വിഷയങ്ങളുണ്ട്. – അലക്സാണ്ടര് ജേക്കബ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വകാര്യ ചാനല് പരിപാടിയില് നടത്തിയ പ്രസംഗമാണ് മുന് ഡിജിപിയെ വീണ്ടും വിവാദത്തിലാക്കിയത്. ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയില് വൃത്താകൃതിയില് ഒരു ഹോസ്റ്റല് നിര്മിച്ചെന്നും അവിടെ നടത്തിയ ഒരു പരീക്ഷണത്തില് കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാര്ഥികള്ക്ക്, മറ്റു ദിശകളിലേക്ക് നോക്കി പഠിച്ച വിദ്യാര്ഥികളെക്കാള് മാര്ക്ക് ലഭിച്ചെന്നുമായിരുന്നു അലക്സാണ്ടര് ജേക്കബിന്റെ വിവാദ പ്രസംഗം. മറ്റുദിശകളിലേക്ക് അഭിമുഖീകരിക്കുന്ന എല്ലാ കെട്ടിടങ്ങളും ഹാര്വാര്ഡ് യൂണിവേഴ്സിറ്റി പൊളിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന സോഷ്യല്മീഡിയില് ഉടന് വൈറലായി.
ഇത് ശ്രദ്ധയില്പെട്ടതോടെ കൊല്ലം കാരംകോട്ടെ വിമല സെന്ട്രല് സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥി അഭിരാം അരുണും സുഹൃത്ത് ഉസ്മാന് അഹമ്മദും ചേര്ന്ന് നടത്തിയ അന്വേഷണത്തിലാണ് അലക്സാണ്ടര് ജേക്കബിന്റെ ശാസ്ത്രവിരുദ്ധ പ്രചരണം പൊളിഞ്ഞത്. ഇരുവരും ഹാര്വാര്ഡ് യൂണിവേഴ്സിറ്റിക്ക് ഇമെയില് അയക്കുകയും, അലക്സാണ്ടര് ജേക്കബ് പറഞ്ഞതില് എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല് അലക്സാണ്ടര് ജേക്കബ് പറഞ്ഞതുപോലൊരു പഠനം യൂണിവേഴ്സിറ്റിയില് നടന്നിട്ടേയില്ലെന്ന് വിദ്യാര്ഥികള്ക്കയച്ച മറുപടിയില് ഹാര്വാര്ഡ് വ്യക്തമാക്കി. വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റലും ഹാര്വാര്ഡില് ഇല്ല. ഹാര്വാര്ഡില് എല്ലാ ദിശകളിലേക്കും മുഖമുള്ള കെട്ടിടങ്ങളുണ്ട്. അതിലെല്ലാം വിദ്യാര്ഥികള് പഠിക്കുന്നുമുണ്ട്. പഴക്കം ചെന്നാലും കെട്ടിടങ്ങള് സംരക്ഷിക്കുന്നതല്ലാതെ പൊളിച്ചുകളയുന്ന രീതി അവിടില്ലെന്നും യൂണിവേഴ്സിറ്റി മറുപടിയില് അറിയിച്ചു. ഇക്കാര്യങ്ങള് വിശദീകരിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണമായ ‘ശാസ്ത്രകേരളം’ മാസികയില് അഭിരാം കുറിപ്പെഴുതിയിട്ടുണ്ട്.
മുന്പും ശാസ്ത്രവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമായ വാദങ്ങള് പ്രചരിപ്പിച്ച് വിവാദം സൃഷ്ടിച്ചയാളാണ് അലക്സാണ്ടര് ജേക്കബ്.