തിരുവല്ല
പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയതിൽ അനുശോചിച്ച് പെരിങ്ങര പഞ്ചായത്ത് സമിതി ചേർന്ന യോഗത്തിനിടെ ബിജെപി അംഗത്തിന്റെ ഭീഷണി. പെരിങ്ങര മുൻ പഞ്ചായത്ത് അംഗം കൂടിയായ സന്ദീപിനെ കൊലപ്പെടുത്തിയതിൽ അനുശോചിച്ച് പ്രസിഡന്റ് മാത്തൻ ജോസഫ് ആണ് പഞ്ചായത്ത് സമിതിയോഗത്തിൽ പ്രമേയം വായിച്ചത്.
യുവമോർച്ച ഭാരവാഹിയാൽ കൊല്ലപ്പെട്ട സന്ദീപിന്റെ വിയോഗത്തിൽ പഞ്ചായത്തുസമിതി അനുശോചിക്കുന്നു എന്നായിരുന്നു പ്രമേയം. 15 അംഗ പഞ്ചായത്ത് സമിതിയിൽ ബിജെപിക്ക് നാല് അംഗങ്ങളാണുള്ളത്. മൂന്നു പേർ യോഗത്തിൽ ഹാജരായി. അവതരിപ്പിച്ച സമയത്ത് എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. തുടർന്ന് മറ്റു അജൻഡകൾ എടുക്കാതെ യോഗം അവസാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. തുടർന്നാണ് ഒമ്പതാം വാർഡ് അംഗം ബിജെപിയിലെ വിഷ്ണുനമ്പൂതിരി ആക്രോശവുമായി എഴുന്നേറ്റത്.
യോഗം പിരിഞ്ഞതായി പ്രസിഡന്റ് പറഞ്ഞിട്ടും ബഹളം തുടർന്ന ഇയാൾ ഞങ്ങളിൽ ആരെയെങ്കിലും തൊട്ടാൽ പ്രദേശം കത്തിക്കുമെന്ന് വിളിച്ചുപറഞ്ഞു. ഭീഷണി മുഴക്കിയത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകി. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ആണ് എന്ന പരാമർശം മാത്രമാണ് അനുശോചന പ്രമേയത്തിൽ ഉണ്ടായിരുന്നത്. സന്ദീപിന്റെ കൊലപാതകത്തിനു ശേഷം മറ്റു പ്രദേശങ്ങളിൽനിന്നും വൈകുന്നേരങ്ങളിൽ ആളുകൾ കൂട്ടമായി സംഘപരിവാർ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.