തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട്. തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് തീരുമാനം.
കെ റെയിലുമായി ബന്ധപ്പെട്ട് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മടിച്ചുനിൽക്കുമ്പോഴും റെയിൽവേയുമായുള്ള സഹകരണം സംസ്ഥാന സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. 185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാൻ തീരുമാനിച്ചു. ഇന്ന് റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അതിരടയാളക്കല്ലുകൾ ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയിൽവേ അധികൃതരും കെ റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്താനും ധാരണയായിട്ടുണ്ട്. സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് അടക്കമുള്ളവർ ഈ ചർച്ചയിൽ പങ്കെടുത്തു.