തിരുവനന്തപുരം> മതേതര പാർടിയായി അവകാശപ്പെടുന്ന മുസ്ലിംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പള്ളികളിൽ പ്രതിഷേധിക്കാൻ മുസ്ലിംലീഗ് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാളയം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
കേരളത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുന്നു. ചില മുസ്ലിം സംഘടനകള്‍ ഇതിന് ബദലായി പ്രവര്‍ത്തിക്കുന്നു.
തിരുവല്ല പെരിങ്ങരയിൽ ലോക്കൽ സെക്രട്ടറി പി ബി സന്ദീപിന്റെ അരുംകൊല ആസൂത്രിതമാണ്. എന്നാൽ, കൊലയ്ക്കു പകരം കൊല എന്നത് പാർടിയുടെ നയമല്ല. അക്രമി സംഘങ്ങളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.
കേന്ദ്രത്തിൽ തനിച്ച് ഭൂരിപക്ഷം കിട്ടിയതോടെയാണ് ആർഎസ്എസ് തനിരൂപം പ്രകടിപ്പിച്ചുതുടങ്ങിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾപോലും അട്ടിമറിക്കുകയാണ്. കോൺഗ്രസിന്റെ അപചയമാണ് ബിജെപിക്ക് വളമാകുന്നത്. നൂറിലധികം ബിജെപി എംപിമാർ കോൺഗ്രസിലെ മുൻ നേതാക്കളാണ്. ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താന്‍ കാരണം കോൺഗ്രസാണ്. പൊതുബോധത്തിനു മുന്നിൽ ഇന്ന് ബിജെപിയും കോൺഗ്രസും ഒന്നുതന്നയാണ്–- അദ്ദേഹം പറഞ്ഞു.
നേരത്തേ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച അതിവേഗ റെയിൽവേ പദ്ധതിക്കു പകരം പാരിസ്ഥിതികാഘാതം കുറഞ്ഞ അർധ അതിവേഗ റെയിൽവേയാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. ഇതിനെ തകര്‍ക്കുകയാണ് യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം. ഇരട്ടിവില നൽകി ഭൂമി ഏറ്റെടുത്തുമാത്രമേ പദ്ധതി നടപ്പാക്കൂ. ഒരാളെയും ദുഃഖിപ്പിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.