ബിനീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
സിംഹവും മാനും ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇവിടെ ആര് വേഗത്തിൽ ഓടുമെന്നതാണ് പ്രധാനം. കാരണം, ഒന്ന് കീഴ്പെടുത്താനും മറ്റൊന്ന് ജീവൻ രക്ഷിക്കാനുമാണ് ഓടുന്നത്. പക്ഷെ, കാഴ്ചക്കാരനെപ്പോഴും അത്തരം കാഴ്ചകൾ ഹരമാണ്. എന്നെ സംബന്ധിച്ച്, വംശീയതയുടെയും ജാതിയതയുടെയും ഉല്പന്നമായ ഭരണകൂടം വേട്ടക്കാരനായ സിംഹത്തെപ്പോലെയാണ്. വിവിധ മാർഗങ്ങളിലൂടെ കാലാകാലങ്ങളായി എന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നാണ് തീരുമാനിച്ചത്. ഭരണകൂടം ബോധപൂർവ്വം സൃഷ്ടിക്കുന്ന ഭയപെടുത്തലുകളിൽ നിരന്തരം ജീവിക്കുന്ന ഒരുത്തന് ഭയത്തെ അതിജീവിക്കാനുള്ള കരുത്തുനേടി അവൻ നിർഭയനായിത്തീരുമെന്നു ചിന്തിക്കാനുള്ള സാമാന്യ ബോധംപോലുമില്ലാത്തതുകൊണ്ടാണ് ഒരു ഭരണകൂടത്തിനെയും അതിനെ നിലനിർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും അപകീർത്തിപ്പെടുത്താനും പറ്റുമെങ്കിൽ അതിനെയെല്ലാം താഴെയിറക്കാനും കാലാകാലങ്ങളായി ബലിമൃഗമായി ചാപ്പകുത്തപ്പെട്ട എന്നെത്തന്നെ തിരഞ്ഞെടുത്തത്.
കൃത്രിമമായി എന്നെ കുറിച്ച് സൃഷ്ടിക്കപ്പെട്ട ഒരു ബോധത്തിന്റെ അടിസ്ഥാനത്തിൽ കാലങ്ങളായുള്ള പരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞവരെ സംബന്ധിച്ച് നല്ലൊരു ഇരയായിരുന്നു ഞാൻ. പക്ഷെ കുറച്ചൊക്കെ ഇരുട്ടിൽ നിർത്താൻ കഴിഞ്ഞു എന്നതൊഴിച്ചാൽ യാതൊന്നും ഇതുവരെ ഉദ്ദേശിച്ച ഫലം കാണാതെ കരിഞ്ഞു പോയിട്ടുണ്ട്. ഭരണകൂടത്തിൻറെ ലക്ഷ്യങ്ങൾ എന്നെ പിടിച്ചകത്തിട്ടാൽ മാത്രം നേടാനാവില്ലായെന്നു വന്നപ്പോൾ എന്നിൽ കൂടുതൽ ഭയം സൃഷ്ടിച്ചു കാര്യം നേടാനാണവർ ശ്രമിച്ചത്.
സഹജീവിയോട് കാണിക്കാവുന്ന ഏറ്റവും വലിയ തെറ്റ് അവരെ വെറുക്കുകയെന്നതല്ല, അവരോട് അനാസ്ഥ കാണിക്കുകയെന്നതാണ്. സഹജീവിയോടുള്ള അവഗണന മനുഷ്യരാഹിത്യത്തിൻറെ പര്യായമായിത്തന്നെയാണ് ഞാൻ വിലയിരുത്തുന്നത്. മറ്റൊരാളുടെ ദുഃഖം, അല്ലെങ്കിൽ മറ്റൊരാളുടെ ജീവിത ദൈന്യതയിൽ അവരോട് ചേർന്നു നിൽക്കുക എന്നതും അവരെ ചേർത്തു പിടിക്കുക എന്നതും ആണ് ഏറ്റവും വലിയ മാനവികതയായി ഞാൻ കാണുന്നത്. മറ്റൊരാളുടെ ജീവിത ദുഃഖത്തെ ഒരിക്കലും നമ്മുടെ സന്തോഷമാക്കി മാറ്റരുത് എന്നതൊക്കെ ഞാൻ ജീവിതത്തിൽ പുലർത്തുന്ന നിലപാടുകളാണ്. അതുകൊണ്ടുതന്നെ ഒരു ആവശ്യവുമായി ഒരാൾ സമീപിച്ചാൽ എനിക്കാവുന്ന വിധത്തിൽ അവരെ സഹായിക്കുകയെന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും എൻറെ കർത്തവ്യമാണുതാനും. ആശ്രയം ചോദിച്ചുവരുന്നവന്റെ ഉള്ളുകള്ളികൾ ചികയാനോ ഭാവിയിൽ അവരെക്കൊണ്ടു ഉപകാരസ്മരണ നിലനിർത്താനോ ആഗ്രഹിക്കാത്തവനായതു കൊണ്ടുതന്നെ വലിയൊരു സുഹൃത് ബന്ധം ഉടലെടുക്കുകയുണ്ടായിട്ടുണ്ട്.
വ്യക്തമായ ലക്ഷ്യത്തോടുകൂടി എന്നെ പ്രതിയാക്കി വലിയൊരു വിജയം നേടാനാവുമെന്ന ബോധത്തിൽ പ്രവർത്തിച്ചവർക്കൊന്നും എനിക്കെതിരെ യാതൊരു തെളിവുകളും നാളിതുവരെ ഹാജരാക്കാനായില്ലായെന്നതുകൊണ്ടുതന്നെ കാലങ്ങളായി എന്നെ ഇല്ലായ്മ ചെയ്യാനുള്ള ബ്രഹത് പദ്ധതിയെ ഞാൻ അതിജീവിച്ചുവെന്ന് പറയാനാകും. എന്നാൽ കാലാകാലങ്ങളായി ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചു പ്രവർത്തിച്ചവരുടെ കൂടിയാലോചനാ സിദ്ധാന്തങ്ങളെയും കണ്ടെത്തലുകളെയും ശുദ്ധ അസംബന്ധമായിരുന്നുവെന്ന് വിലയിരുത്തുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിലും അതിൻറെ ഭദ്രതയ്ക്കും വേണ്ടി നിലകൊള്ളേണ്ടവർ ഒരു ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢപദ്ധതി തയ്യാറാക്കിയതിൻറെ ചരിത്രം അതുകൊണ്ടുതന്നെ സമൂഹം ചർച്ച ചെയ്യുകതന്നെ ചെയ്യും.
ഭരണകൂടം എൻറെ കാര്യത്തിൽ നീക്കുപോക്കിനാണ് ശ്രമിച്ചത്. അവരുടെ ആവശ്യം പരിഗണിച്ചു അവർ പറയുന്ന കടലാസുകളിൽ ഞാൻ ഒപ്പു ചാർത്തി നല്കിയിരുന്നുവെങ്കിൽ ജയിലഴികൾക്കുള്ളിലായ ദിവസം തന്നെ എനിക്ക് പുറംലോകം കാണാനാകുമായിരുന്നു.ഏതൊരാളും അവർ ആവശ്യപ്പെട്ട പ്രകാരം അവർ കാണിച്ചുതരുന്ന കടലാസുകളിൽ ഒപ്പു ചാർത്തി നൽകി ശിഷ്ടകാലം സുഖമായി ജീവിക്കാൻ ആഗ്രഹിക്കുന്ന സമയത്താണ് ഞാൻ എന്റെ നിലപാടുകളിൽ ഉറച്ചുനിന്നത്. സ്വാർത്ഥതയ്ക്കു വശംവദരായി ആനുകാലിക ഇന്ത്യയിൽ ഭരണകൂടങ്ങളെ അട്ടിമറിച്ച മുതിർന്ന രാഷ്ട്രീയ നേതാക്കന്മാരുടെയും മറ്റും നിലപാടുകൾ പരിശോധിക്കുമ്പോൾ അത്തരം ആളുകൾക്കുമുന്നിൽ ഞാൻ നിർഭയനായി നിന്നുവെന്ന് സത്യസന്ധമായി എനിക്ക് പറയാനാകും.
എന്നിൽ ഭയമില്ല അതുകൊണ്ടുതന്നെ എനിക്കാരെയും ഭയമില്ലെന്നെല്ലാം പറയുന്നവർ ഭയമെന്നാൽ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സ്വയം ചിന്തിക്കുകയാണ് വേണ്ടത്. ഭയം ഒരാളുടെ മുന്നിൽ വന്ന് സകലതും കീഴ്പ്പെടുത്താൻ തുടങ്ങുമ്പോൾ നമ്മൾ എന്ത് നിലപാടെടുക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ ഭയവും നിർഭയവും നിർണയിക്കപ്പെടുന്നത്. ഒരാളുടെ മുന്നോട്ടുള്ള ജീവിതം നിലയ്ക്കാൻ പോകുന്ന ഒരവസ്ഥ, തന്റെ വഴികളിൽ മുഴുവൻ ഇരുട്ടുപരത്താനെന്നോണം തന്നോട് ബന്ധപ്പെട്ടവരെയെല്ലാം തന്നിൽനിന്നും പറിച്ചുമാറ്റാൻ വെമ്പൽ കൊള്ളുന്ന ഭരണകൂടവും, ആ ഭരണകൂടം സൃഷ്ട്ടിക്കുന്ന ഭയപ്പെടുത്തലിൽ കീഴടങ്ങാതിരുന്നാൽ പ്രിയപ്പെട്ടതെന്നു വിശ്വസിക്കുന്ന മക്കളും ഭാര്യയും മാതാപിതാക്കളും മറ്റും നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴും നമ്മൾ എന്ത് നിലപാടെടുക്കുന്നുവെന്നതാണ് പ്രധാനം. അവർ പറയുന്ന കടലാസ്സിൽ ഒരു ഒപ്പിട്ടുനൽകിയിരുന്നെങ്കിൽ എനിക്ക് നഷ്ടപെടാൻപോകുന്നതെല്ലാം എനിക്ക് ഒഴിവാക്കാമായിരുന്നു. എന്നാൽ എല്ലാം നഷ്ടപ്പെടും എന്നറിഞ്ഞിട്ടും എന്റെ നിലപാടുകളെയും ബോധ്യത്തെയും അവഗണിച്ച് അവർ സൃഷ്‌ടിച്ച ഭയത്തിനു കീഴടങ്ങി ഇല്ലാത്ത കഥകൾ ഉണ്ടെന്ന് പറഞ്ഞു ആരെയും ഒറ്റികൊടുക്കാൻ ഞാൻ തയ്യാറായില്ല എന്നതാണ് എന്റെ നിർഭയത്വം.
നിർഭയനായിരിക്കുക എന്നാൽ ഭയമില്ലാതിരിക്കുകയെന്നതല്ല, നിങ്ങളുടെ മുന്നിൽ ഭയം അവതരിക്കുമ്പോൾ അതിനെ ജയിക്കുക എന്നതാണ്. ശിരസ്സുയർത്തിപ്പിടിച്ച് എനിക്ക് പറയാനാകും ഞാൻ ഭയത്തെ ജയിച്ചിട്ടുണ്ടെന്ന്.. അവരെ സംബന്ധിച്ചു അവരുടെ ‘പ്രഥമ ലക്ഷ്യം’ ഞാനല്ല എന്നതാണ് യാഥാർഥ്യം. ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചും മാനവികത മുറുകെ പിടിക്കുന്നവരും പോരാട്ടത്തിൻറെ പാത ഉപേഷിക്കാറില്ല. ബാംഗ്ലൂരിലെ അഗ്രഹാര ജയിലിൽ ഒരു വർഷത്തോളം നീണ്ട അന്യായ തടങ്കലിടലിനെ ഞാൻ അതിജീവിച്ചതും അതെ പോരാട്ടവീര്യം എന്നിൽ ഉള്ളതുകൊണ്ടുതന്നെയാണ്.
ജീവിതത്തിൽ ഗുണകരമായ ഒന്നും ചെയ്യാനില്ലാത്തവരെ സംബദ്ധിച്ച് അപവാദം നിർമിക്കുകയെന്നത് ഒരു ജോലിതന്നെയാണ്. പക്ഷെ ആർക്കെതിരെയാണോ അവർ അപവാദം സൃഷ്ടിക്കുന്നത് അവന്റെ മുഴുവൻ ജീവിതവും പിടിച്ചെടുക്കുന്ന സംഗതിയാണ് അവർ ചെയ്യുന്നതെന്നുപോലും തിരിച്ചറിയാനുള്ള ശേഷി പോലും നഷ്ട്ടപെട്ടവരാണ് അത്തരക്കാർ. പ്രതിസന്ധികളിൽ ‘ഒട്ടകപക്ഷികൾ’ തല മണ്ണിൽ പൂഴ്ത്തി ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടിൽ നിൽക്കാറുണ്ട്. അപ്പോൾ വേട്ടക്കാർ യാതൊരു അദ്ധ്വാനവും ഇല്ലാതെ മറ്റുളള എല്ലാവരെയും പിടിച്ചുകൊണ്ടുപോകും അവസാനം ഒട്ടകപക്ഷിയെയും . ‘ഉത്തമരായ ചില ഒട്ടകപക്ഷികൾ ‘ മനസിലാക്കേണ്ട ഒന്നുണ്ട് എല്ലാവരും ഒട്ടകപക്ഷിയെ പോലെയല്ല.
പ്രതിസന്ധി സൃഷ്ടിച്ചു വ്യക്തികളെ ഇല്ലായ്മ ചെയ്യാനാകുമെന്ന് കരുതി നിലകൊള്ളുന്നവർ, നാളിതുവരെ കേരളമണ്ണിൽ പറയത്തക്ക വേരോട്ടമുണ്ടാക്കാൻ കഴിയാത്തവരും- വംശീയ വിദ്വഷവും അവകാശനിഷേധവും നിലനിർത്താൻ മർദ്ദകന്റെ ഭാഷ സംസാരിക്കുന്ന ഭരണകൂടവും- അവർക്കുവേണ്ടി അടിമവേല ചെയ്യുന്ന ആളുകളും ഇനിയെങ്കിലും മനസിലാക്കേണ്ട ചിലതുണ്ട്. അവകാശനിഷേധത്തെയും മർദ്ദനത്തെയും ന്യായികരിക്കുന്നതിനായി നിങ്ങൾ നിർമ്മിച്ചെടുത്ത നിങ്ങളുടെ തത്ത്വങ്ങളെ ബൗദ്ധികമായി തകർത്ത് കമ്മ്യൂണിസമെന്ന വിശാലസമൂഹം നില നിർത്തുവാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും..
(അഗ്നിയുണ്ടെന്നാത്മാവില്‍
എന്‍ സിരാതന്തുക്കളെ
വിദ്യുലേഖകളാക്കും
അഗ്നി ആകാശങ്ങളില്‍
ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നി
അധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-
ഖനികള്‍തന്‍ പത്തികള്‍ തേടി
അതിന്‍ മാണിക്യം തേടിപ്പോകെ
ഇത്തിരി വെളിച്ചമായ്
വഴികാട്ടുന്നൊരു അഗ്നി
കാരിരുമ്പുരുക്കുന്നോരഗ്നി
കല്ല്കരിയിലും സൂര്യനെ
ജ്വലിപ്പിയ്ക്കും അഗ്നി
എന്‍ കരങ്ങളെ തളയ്ക്കും വിലങ്ങുകള്‍
അടിച്ചു തകര്‍ക്കുവാന്‍
ഉരുക്കു കൂടം വാര്‍ക്കുമഗ്നി
എന്‍ സ്വരങ്ങളെ നൃത്തമാടിയ്ക്കും
വീണക്കമ്പികള്‍ ഘനലോഹഹൃത്തില്‍ നിന്ന്
ഇഴകളെയായ് നൂത്തെടുക്കുമഗ്നി
അഗ്നി.. എന്നിലെയഗ്നി
– ഒ എൻ വി)