ന്യൂഡൽഹി
മുംബൈയിൽ രണ്ടു കേസുകൂടി തിങ്കളാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 23 ആയി. ദക്ഷിണാഫ്രിക്കയിൽനിന്നും യുഎസിൽനിന്നും എത്തിയ രണ്ടു യുവാക്കൾക്കാണ് ജനിതകശ്രേണീകരണ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. ഗുരുതര രോഗലക്ഷണങ്ങളില്ല. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം പത്തായി.
രാജ്യത്ത് കർണാടകത്തിലാണ് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
തുടർന്ന്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി എൽഎൻജെപി ആശുപത്രിയിൽ 27 പേര് നിരീക്ഷണത്തിലാണ്. ഇതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 10 പേർ ഇവരുമായി അടുത്ത സമ്പർക്കത്തിലുള്ളവരാണ്.
നിയന്ത്രണം കടുപ്പിച്ചു
എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർക്കശമാക്കി. ഡൽഹി വിമാനത്താവളത്തിൽ ആളുകൾ തിക്കിത്തിരക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര സിവിൽ വ്യോമയാനമന്ത്രി ജ്യോതിരാധിത്യ സിന്ധ്യ അടിയന്തര ഉന്നതതല യോഗം വിളിച്ചു. മാനദണ്ഡങ്ങൾ കർക്കശമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് മന്ത്രി പിന്നീട് അറിയിച്ചു.
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. എല്ലാ ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും ബൂസ്റ്റർ വാക്സിൻ ഡോസ് ഉടൻ നൽകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. നീറ്റ്–- പിജി കൗൺസലിങ് നീണ്ടുപോകുന്നതിനാൽ കോവിഡ് പ്രതിരോധകാര്യങ്ങളിൽ കടുത്ത ആൾക്ഷാമം നേരിടുന്നുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജെ എ ജയലാൽ പറഞ്ഞു. പ്രധാനമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജയലാൽ ആവശ്യപ്പെട്ടു.