ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയിൽ വീണ്ടും മുന്നറിയിപ്പ് നൽകാതെ തുറന്ന് തമിഴ്നാട്.ഞായറാഴ്ച രാത്രിയോടെ മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ്ഉയർന്ന് 142 അടിയിൽ എത്തിയിരുന്നു.ഇതോടെ രാത്രിയിൽ മുല്ലപ്പെരിയർ അണക്കെട്ടിന്റെ 9 ഷട്ടറുകൾ തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറന്നു. ഇതേത്തുടർന്ന് വണ്ടിപ്പെരിയാറിൽ നിരവധിവീടുകളിൽവെള്ളം കയറി.
സെക്കന്റിൽ 5668 ഘനയടി വെള്ളമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1200 ഘനയടിയിൽ നിന്ന് 1800 ഘനയടിയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടർച്ചയായി രാത്രിയിൽ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് തീരദേശവാസികൾ ഉയർത്തുന്നത്.
പ്രധാനമായും മഞ്ചുമല, കടശിക്കോട് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് പതിവായതിനാൽ കിടന്നുറങ്ങാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു.
നേരത്തെ രാത്രി കാലങ്ങളിൽ ഷട്ടറുകളുയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കരുതെന്നും മുന്നറിയിപ്പോടെ പകൽ സമയങ്ങളിൽ മാത്രമേ ഷട്ടർ ഉയർത്താൻ പാടുള്ളുവെന്നുംനിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിനോട് നിഷേധാത്മക നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നതെന്നാണ് ഈ നടപടിയിലൂടെ വിലയിരുത്താനാകുന്നത്.
Content Highlights:Tamil Nadu has released water from Mullapperiyar Dam without warning again at night