പാലക്കാട്: അട്ടപ്പാടി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആദിവാസികൾക്കുവേണ്ടിഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അട്ടപ്പാടി സന്ദർശനത്തിനിടെമാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അട്ടപ്പാടിയിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല. നോഡൽ ഓഫീസറോ മോണിട്ടറിങ് കമ്മിറ്റിയോ ഇല്ല. ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഉള്ള സൗകര്യങ്ങൾ കുറയുകയല്ലാതെ കൂടുതലായി ഒന്നും ഉണ്ടായില്ല. നന്നായി കാര്യങ്ങൾ ചെയ്തിരുന്ന നോഡൽ ഓഫീസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ അവിടേക്ക് മാറ്റിയശേഷം മന്ത്രി അട്ടപ്പാടി സന്ദർശിക്കുകയും ചെയ്തു. അതിൽ അദ്ദേഹത്തിന്റെ പ്രതികരണം തന്നെ വളരെ വ്യക്തമാണല്ലോ, എന്തിനുവേണ്ടിയാണ് മന്ത്രി വന്നത് എന്നുള്ളത്?
ഒരു പുതിയ പ്രഖ്യാപനം പോലും മന്ത്രി നടത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ അടക്കമുള്ളവയാണ് അട്ടപ്പാടിയിലുള്ളത്. ഗുരുതരമായ കൃത്യവിലോപം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയിൽ ഉണ്ടായിരുന്ന ഒരു സംവിധാനം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടി സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസിനോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഫോട്ടോ – പി.പി രതീഷ്മാതൃഭൂമി
ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന്റെ അട്ടപ്പാടി സന്ദർശനസമയത്ത് തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന ആരോപണവുമായി അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച മന്ത്രി അട്ടപ്പാടി സന്ദർശിച്ചപ്പോൾ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശിശുമരണംനടന്ന ഊരുകളിലെത്തുന്നതിനുമുമ്പ് ഊരുകളിലെത്താനുള്ള തിടുക്കമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നൽ സന്ദർശനത്തിന് പിന്നിൽ. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് സൗകര്യങ്ങൾ ആവശ്യപ്പെടുമ്പോൾ അഴിമതിക്കാരനായി ചിത്രീകരിക്കയാണെന്നും പ്രഭുദാസ് പറഞ്ഞു. മന്ത്രി സന്ദർശനംനടത്തുമ്പോൾ ആശുപത്രിയിൽ ഡോക്ടർമാരോട് തന്നെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിപറയേണ്ടത് താനാണ്.
2007 മുതൽ അട്ടപ്പാടിയിൽ ഡോക്ടറായി തുടരുന്നു. 2013-ൽ നോഡൽ ഓഫീസറായി. സംസ്ഥാനത്തെ മികച്ച ഡോക്ടറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോട്ടത്തറ ആശുപത്രിയെ മികച്ച ആശുപത്രിയായി മാറ്റിയെടുത്തത് ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനഫലമായാണ്. ഇത് താൻ ആശുപത്രി സൂപ്രണ്ടായിരിക്കുമ്പോഴാണ്. ആശുപത്രിക്കാവശ്യമായ ഡോക്ടർമാരെയുൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അട്ടപ്പാടിയിൽ ശിശുമരണം തുടരുമെന്നും ഡോ. പ്രഭുദാസ് പറഞ്ഞിരുന്നു.
Content Highlights :Opposition leader V.D Satheesan against Health Minister Veena Georges visit to Attappady