കാസർകോട്
സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കൊലയാളി സംഘത്തിൽ കാസർകോട് മൊഗ്രാലിലെ മൻസൂറിനെ ഉൾപ്പെടുത്തിയത് ആർഎസ്എസ്–-ബിജെപി ഗൂഢപദ്ധതി. അന്വേഷണം വഴിതിരിച്ചുവിടലും അഥവാ പിടിക്കപ്പെട്ടാൽ ഇയാളെ മറയാക്കി മുഖംരക്ഷിക്കലുമായിരുന്നു നേതാക്കളുടെ ലക്ഷ്യം. മുഹമ്മദ് ഫൈസൽ എന്ന വ്യാജപ്പേരിൽ കണ്ണൂരിലെ തെറ്റായ വിലാസം പൊലീസിൽ നൽകിയത് ഈ ഉദ്ദേശ്യത്തോടെയായിരുന്നു. കൊലയാളികൾ പിടിയിലായതിനുപിന്നാലെ, മുഹമ്മദ് ഫൈസൽ കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് സംഘപരിവാർ പ്രചരിപ്പിച്ചു. ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ബിജെപി നേതാക്കൾ ഇത് ആവർത്തിച്ചു. കൊലപാതകം വ്യക്തിവിരോധത്തിലാണെന്ന ബിജെപി വാദം ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു.
യുവമോർച്ചാ നേതാവ് ജിഷ്ണുവിന്റെ കൊലയാളി സംഘത്തിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെട്ടതിലായിരുന്നു മാധ്യമങ്ങൾക്ക് സന്ദേഹം. സിപിഐ എം പ്രവർത്തകർക്കെതിരെ ആരോപണമുയരുന്ന കേസുകളിൽപോലും കുടുംബവേര് തേടിപ്പോകുന്ന മാധ്യമങ്ങൾ മുഹമ്മദ് ഫൈസലിനെക്കുറിച്ച് അന്വേഷിച്ചില്ല. പകരം ബിജെപിയുടെ നാവായി അവരത് സമർഥിച്ചു. സിപിഐ എം വിരോധം തലയ്ക്കുപിടിച്ച കോൺഗ്രസ്, മുസ്ലിംലീഗ് സൈബർപേരാളികളും വ്യാജപ്രചാരണം ഏറ്റുപിടിച്ചു. കണ്ണൂർ ചെറുപുഴ സ്വദേശി മുഹമ്മദ് ഫൈസൽ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച നാലാം പ്രതി മൻസൂർ കാസർകോട് മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാൻവളപ്പിൽ പുണെ മൊയ്തീന്റെ മകനാണ്.
കഞ്ചാവുകടത്തും വാഹനമോഷണവും പതിവാക്കിയ ഇയാൾ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. ജയിലിൽനിന്നാണ് ജിഷ്ണുവടക്കമുള്ള ആർഎസ്എസ് ക്രമിനലുകളുമായി പരിചയപ്പെട്ടത്.