കോഴിക്കോട്
വഖഫ് ബോർഡിൽ നിയമിക്കപ്പെടുന്നവർ മുസ്ലിം നാമധാരിയായാൽ മതിയെന്ന ഭേദഗതി വരുത്തിയത് മുസ്ലിംലീഗ് ഭരണത്തിൽ. അമുസ്ലിങ്ങളോ സമുദായത്തിൽനിന്ന് (മില്ലത്ത്) വിദ്വേഷ വീക്ഷണങ്ങൾ വച്ചുപുലർത്തുന്നവരോ മതഭ്രാന്തനെന്നോ സ്വതന്ത്ര ചിന്തകനെന്നോ അവകാശപ്പെടുന്നവരോ വഖഫ് ഭരണത്തിൽ പാടില്ല എന്നായിരുന്നു 1965ലെ സർക്കാർ ഉത്തരവ്. എന്നാൽ 2011ൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വഖഫ് മന്ത്രിയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായിരിക്കെ ഇത് ഭേദഗതി ചെയ്തു.
ഏത് മുസ്ലിം നാമധാരിയെയും നിയമിക്കാം എന്നതായിരുന്നു ഈ ഭേദഗതി. ഇത് മറച്ചുവച്ചാണ് വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതോടെ അമുസ്ലിങ്ങളും നിരീശ്വവാദികളും കമ്യൂണിസ്റ്റുകാരും മതബോധമില്ലാത്തവരും ജീവനക്കാരാകുമെന്നു പറഞ്ഞ് ലീഗും ചില മതസംഘടനകളും തെരുവിലിറങ്ങിയത്. ലീഗിന്റെ കാപട്യവും അവസരവാദവുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.