കൊഹിമ
നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാസേന 14 ഗ്രാമീണരെ വെടിവച്ചു കൊന്നു. കല്ക്കരി ഖനിയിലെ ദിവസ വേതന തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങിയ പിക്കപ്പ് ട്രക്കിനുനേരെ ശനിയാഴ്ച വൈകിട്ട് സൈന്യം വെടിയുതിർക്കുകയായിരുന്നു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഓട്ടിങ് –-തിരു ഗ്രാമങ്ങൾക്കിടയിലാണ് സംഭവം. ആറുപേർ സംഭവസ്ഥലത്ത് മരിച്ചു.
രോഷാകുലരായ നാട്ടുകാർ സുരക്ഷാസേനയെ വളഞ്ഞു. മൂന്ന് വാഹനം തീയിട്ടു. തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിലാണ് ബാക്കി ഗ്രാമീണർ മരിച്ചത്. ഒരു സൈനികനും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരം. കൊന്യാക് ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കൊന്യാക് യൂണിയൻ ഓഫീസും അസം റൈഫിൾസ് ക്യാമ്പും ആക്രമിക്കപ്പട്ടു. ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ സംസ്ഥാന സർക്കാർ വിച്ഛേദിച്ചു.
തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരോധിത സംഘടനയായ എൻഎസ്സിഎന്നിന്റെ യങ് ഓങ് പ്രവർത്തകരുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടിയെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ കരസേന അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ അഞ്ചംഗ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചിട്ടുണ്ട്.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ അസമിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ആറ് ഗോത്ര വിഭാഗത്തോട് വിനോദസഞ്ചാര പരിപാടിയായ ഹോൺബിൽ ഫെസ്റ്റിവലിൽനിന്ന് പിന്മാറാൻ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ഇഎൻപിഒ) ആഹ്വാനം ചെയ്തു. കിസാമയിലെ ആഘോഷ വേദിയിൽ കരിങ്കൊടി ഉയർത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയിൽ അസം –-മിസോറം അതിർത്തി തർക്കത്തിൽ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടി ആറ് പൊലീസുകാരും നാട്ടുകാരനുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
നഷ്ടപരിഹാരം നൽകണം: സിപിഐ എം
സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തെ സിപിഐ എം അപലപിച്ചു. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.