തിരുവനന്തപുരം: ആർഎസ്എസിനെതിരെയും സംഘപരിവാറിനെതിരെയും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ സംഘപരിവാർ ഉയർത്തിയത് കേരളത്തിൽ കേൾക്കരുതാത്ത മുദ്രവാക്യമാണ്. അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തലശ്ശേരിയിൽ ഒരു പ്രകടനം ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നു. നമ്മുടെ കേരളത്തിൽ നമുക്ക് കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങൾ കഴിഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരമൊരു ചിന്ത ആളുകളുടെ മനസ്സിലേക്ക് കടത്തിവിടുകയാണ്. നമ്മൾ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നുവരുന്ന കാലമാണിത്. കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന നാടാണ് എന്നതാണ്. ആർഎസ്എസ് പൂർണമായും വർഗീയതയിൽ അഭിരമിക്കുന്നവരാണ്. വർഗീയയിലൂടെ വളരാൻ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. അതിനായി വർഗീയ സംഘർഷങ്ങളും കലാപങ്ങളും ആശ്രയിക്കുന്നവരാണ്. അവർക്ക് ഇന്ത്യയിൽ പലയിടത്തും അവരുടെ അജണ്ട അവർ ഉദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാനായി. അതിന് കാരണം സമൂഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തിൽ അവർ ഉദ്ദേശിക്കുന്നത് നടപ്പാൻ സാധിക്കാത്തതും മറ്റിടങ്ങളിൽ അതിന് കഴിയുന്നതും ഇതിന്റെ ഭാഗമാണ്. ഒരു ഇടതുപക്ഷധാര കേരളത്തിൽ ഉയർന്നുനിൽക്കുന്നുണ്ട്. ഇടതുപക്ഷം ശക്തമായി ഇല്ലാത്ത സംസ്ഥാനങ്ങളിൽ അതിവേഗതയിൽ ബിജെപിക്ക് വളരാൻ സാധിക്കും. കോൺഗ്രസിനേയാണ് അവർക്ക് അവിടെ തുണയാകുന്നത്. കോൺഗ്രസ് അധികാരത്തിനായി വർഗീയതയോട് സമരസപ്പെടുന്നതാണ് കാണുന്നത്. സംഘപരിവാർ നേതാക്കൾ ഉന്നയിക്കുന്ന അതേ വാദഗതികൾ തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവസരപാദരമായ കോൺഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കി.
വർഗീയതയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആർഎസ്എസ് കേരളത്തിൽ ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. എന്നാൽ അതൊന്നും വിജയം കണ്ടില്ല. ഇപ്പോൾ അവർ കേന്ദ്രീകരിച്ചിരിക്കുന്നത് നമ്മുടെ പൊതു ആശയമണ്ഡലത്തെ വലിയ രീതിയിൽ മലീമസമാക്കാനാണ്. ആളുകളിൽ സംശയം സൃഷ്ടിച്ച് വർഗീയ പ്രചാരണം അഴിച്ചുവിടുക. ഏത് കാര്യത്തിലും വർഗീയത കടത്തിവിട്ട് മുന്നോട്ട്പോകുക. നമ്മുടെ രാജ്യവും മറ്റൊരു രാജ്യവും തമ്മിൽ കളിച്ചാൽ ആ കളിയിൽ ഒരുകൂട്ടർ പരാജയപ്പെടും. ഒരു കൂട്ടർ ജയിക്കും. സ്വാഭാവികമാണ്. ഇന്ത്യയും പാകിസ്താനും കളിച്ചാൽ ഇന്ത്യ പരാജയപ്പെട്ടാൽ അതിനെ വർഗീയവത്കരിക്കുക. അതിന്റെ ഭാഗമായി വർഗീയ വികാരം ആളിക്കത്തിക്കുക ഇതാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.