കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ദീർഘകാല പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകൽച്ചയെ തുടർന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാർട്ടി നിർദേശിച്ച വ്യക്തികളെ പാനലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മമ്പറം ദിവാകരനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. 29 വർഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.
പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനൽ എന്ന പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. 30 വർഷത്തോളം ആസ്പത്രി സംഘം പ്രസിഡന്റായിരുന്ന മമ്പറം ദിവാകരൻ സമീപകാലത്ത് കെ.സുധാകരനുമായിഅകൽച്ചയിലായിരുന്നു. കെ.സുധാകരനടക്കമുള്ളനേതാക്കൾ തലശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമായിരുന്നു.
2016-ൽ ഡി.സി.സി. നിർദേശിച്ച രണ്ടുപേരെ ഉൾപ്പെടുത്താത്തതിന്റെ പേരിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നു. മത്സരിച്ച രണ്ടുപേരും അന്ന് പരാജയപ്പെടുകയും ചെയ്തു. 5284 അംഗങ്ങളാണ് ആസ്പത്രി സംഘത്തിലുള്ളത്. 4318 പേർ തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയിരുന്നു.
മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയായിരുന്നു തിരഞ്ഞെടുപ്പ്. എട്ട് ജനറൽ, മൂന്ന് വനിത, ഒരു പട്ടികജാതി, പട്ടികവർഗ സംവരണം ഉൾപ്പെടെ 12 സീറ്റുകളിേലക്കായിരുന്നു മത്സരം. ഇതിൽ ഡോക്ടർമാരുടെ വിഭാഗത്തിൽനിന്ന് ഡോ. രഞ്ജിത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കൂത്തുപറമ്പ്, ധർമടം, തലശ്ശേരി മണ്ഡലങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിലുള്ളവരാണ് വോട്ടർമാരിൽ ഭൂരിഭാഗവും. ഇവരിലേറെയും കോൺഗ്രസ് അനുഭാവികളുമാണ്.ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ സി.പി.എം. ഇടപെട്ടിരുന്നില്ല. സ്ഥലത്ത് ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. മമ്പറം ദിവാകരന്റെ പരാതിയിൽ സ്ഥലത്ത് പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.