കൊച്ചി
പുതുച്ചേരിയുടെ പരീക്ഷണം അതിജീവിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലേക്ക്. ദക്ഷിണമേഖല യോഗ്യതാറൗണ്ടിലെ അവസാനകളിയിൽ 4–-1നാണ് കേരളത്തിന്റെ ജയം. ബി ഗ്രൂപ്പിൽ മൂന്നും ജയിച്ച് ഒമ്പത് പോയിന്റുമായാണ് മുന്നേറ്റം. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഫെബ്രുവരിയിലാകും ഫൈനൽ റൗണ്ട് കളികൾ. നാല് ഗോൾ വഴങ്ങിയെങ്കിലും കേരളത്തെ വിറപ്പിച്ചാണ് പുതുച്ചേരി കളംവിട്ടത്. ഗോൾവലയ്ക്കുകീഴിൽ ക്യാപ്റ്റൻ വി മുഥുനിന്റെ രക്ഷപ്പെടുത്തലുകൾ കേരളത്തിന് തുണയായി.
നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, പി എൻ നൗഫൽ, വി ബുജൈർ എന്നിവർ ആതിഥേയർക്കായി ലക്ഷ്യം കണ്ടു. തൃശൂരുകാരൻ ആൻസൺ സി ആന്റോയാണ് പുതുച്ചേരിക്കായി വലകണ്ടത്.
അവസാന റൗണ്ടിലേക്ക് കടക്കാൻ സമനില മതിയായിരുന്നു കേരളത്തിന്. പുതുച്ചേരിക്കാകട്ടെ ജയവും. ലക്ഷദ്വീപിനെതിരെ ഇറങ്ങിയ ടീമിനെയാണ് ബിനോ ജോർജ് അണിനിരത്തിയത്. ദ്വീപുകാർക്കെതിരെയും ആൻഡമാനെതിരെയും ഗോൾവർഷിച്ചെത്തിയ കേരളത്തിന് പക്ഷേ, പുതുച്ചേരി പുതിയ അനുഭവം നൽകി. തുടക്കംമുതലേ അവർ ആക്രമിച്ച് കളിച്ചു. ആദ്യമായി കേരള പ്രതിരോധം പരീക്ഷിക്കപ്പെട്ടു. പലപ്പോഴും പിഴച്ചു. ഗോളി മിഥുൻ കാത്തു. ഇടതുമൂലയിൽ മരിയ വിവേകായിരുന്നു അവരുടെ കുന്തമുന.
വിവേകിന്റെ വേഗത്തിനും ക്രോസുകൾക്കും മറുപടിയുണ്ടായില്ല. കേരളവും വിട്ടുകൊടുത്തില്ല. പക്ഷേ, യോജിച്ച മുന്നേറ്റമുണ്ടായില്ല. കളിക്കാർ സമ്മർദത്തിലായി. പെനൽറ്റിയിലൂടെയാണ് മുന്നിലെത്തിയത്. മുഹമ്മദ് സഫ്നാദിന്റെ മുന്നേറ്റം പുതുച്ചേരി ഗോളി പ്രേംകുമാർ തടഞ്ഞു. പന്ത് പിടിച്ചെടുക്കാനായുള്ള ഗോൾകീപ്പറുടെ ചാട്ടത്തിൽനിന്ന് കുതറിമാറിയ സഫ്നാദ് വീണു. പെനൽറ്റി വിധിച്ചു. നിജോയ്ക്ക് തെറ്റിയില്ല. തുടർച്ചയായ മൂന്നാംകളിയിലും തിരുവനന്തപുരംകാരൻ കേരളത്തിന്റെ ആദ്യഗോൾ നേടി. ടൂർണമെന്റിൽ ആകെ നാല് ഗോളുണ്ട് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് താരത്തിന്.
മൂന്ന് മിനിറ്റിനകം ലീഡുയർത്തി കേരളം. ബോക്സിന് വെളിയിൽനിന്ന് നിജോ നൽകിയ പന്ത് അർജുൻ വലയിലാക്കി. രണ്ട് ഗോൾ വീണിട്ടും പുതുച്ചേരിയുടെ ശൗര്യം കുറഞ്ഞില്ല. വിവേകിന്റെ സുന്ദര ക്രോസിൽ ആൻസൺ ലക്ഷ്യം കണ്ടു. തുടർച്ചയായ മുന്നേറ്റങ്ങൾ വീണ്ടും നടത്തിയെങ്കിലും സമനില കണ്ടെത്താനായില്ല അവർക്ക്.
ഇടവേള കഴിഞ്ഞെത്തിയുടനെ നൗഫലും ബുജൈറും കേരളത്തിന്റെ ജയമുറപ്പിച്ചു. പുതുച്ചേരിയുടെ മുന്നേറ്റത്തെ തളയ്ക്കാനും കഴിഞ്ഞു. 89–-ാംമിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഷിഗിൽ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.