കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക.
വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രംസമരം എന്ന നിലപാടാണ് അദ്ദേഹം പറഞ്ഞത്.
ചൊവ്വാഴ്ചത്തെ ചർച്ചയിൽ ആലിക്കുട്ടി മുസ്ല്യാരെ കൂടാതെ സമദ് പൂക്കോട്ടൂർ, ഡോ. എൻ.എ.എം. അബ്ദുൾ ഖാദർ, മുക്കം ഉമർ ഫൈസി, കെ. മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. വഖഫ് വിഷയത്തിലെ വിയോജിപ്പുകൾ ചർച്ചയിൽ ഇവർ മുഖ്യമന്ത്രിയെ ധരിപ്പിക്കും.
content highlights:chief minister pinarayi vijayan meeting with samasta leader on tuesday