ലുമാജങ്
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തിൽ മരണം 14 ആയി. രാജ്യത്തെ ഏറ്റവും ഉയരമുള്ള അഗ്നിപർവതം സെമെറുവാണ് ശനിയാഴ്ച തീതുപ്പിയത്. 12 കിലോമീറ്റർ ഉയരത്തിൽ പുകച്ചുരുളുകൾ ഉയർന്നു. ലാവ എണ്ണൂറ് മീറ്ററിലധികം ദൂരത്തുള്ള നദിയിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച രണ്ടുതവണയാണ് ലാവാപ്രവാഹം ഉണ്ടായത്.
കിഴക്കൻ ജാവ പ്രവിശ്യയിലെ ഗ്രാമം പുകച്ചുരുളുകൾ മൂടി ഇരുട്ടിലാവുകയും പർവതത്തിൽനിന്നുള്ള വാതകം പരക്കുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം മന്ദഗതിയിലായി. പൊള്ളലേറ്റ 57 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 16 പേരുടെ നില ഗുരുതരമാണ്. ഏഴുപേരെ കണാതായി.
ജനുവരിയിലും സെമെറു പൊട്ടിത്തെറിച്ചിരുന്നു. അതിലും ശക്തിയേറിയ സ്ഫോടനമാണ് ഇത്തവണത്തേതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനങ്ങളോട് പർവതത്തിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരം പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.