ആർഎസ്എസിന്റെ നേതൃത്വത്തിൽ തലശേരിയിൽ ഒരു പ്രകടനം നടന്നു. കേരളത്തിൽ കേൾക്കാൻ പാടില്ലാത്ത മുദ്രാവാക്യങ്ങൾ കേട്ടു. എന്താണ് അതിന്റെ ഉദ്ദേശം? നമ്മൾ ഇടുന്ന വസ്ത്രത്തിനു നേരെയും കഴിക്കുന്ന ഭക്ഷണത്തിനു നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റാൽ അതും ആർഎസ്എസ് വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സംഘപരിപാർ പറയുന്നത് കോൺഗ്രസ് അതേപടി ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമൂഹത്തെ ആകെ അട്ടിമറിക്കാനുള്ള ശ്രമം നടന്നുവരുന്ന കാലമാണ്. മതനിരപേക്ഷതയിൽ ഊന്നി നിൽക്കുന്ന നാട് എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ആർഎസ്എസ് പൂർണ്ണമായും വർഗീയതയിൽ അഭിരമിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ പലയിടങ്ങളിലും അവർ ഉദ്ദേശിക്കുന്ന അജണ്ട നടപ്പാക്കാനായത് സമൂഹത്തിന്റെ പ്രത്യേകത മൂലമാണ്. കേരളത്തിൽ അവർ ഉദ്ദേശിക്കുന്നത് നടപ്പാക്കാൻ സാധിക്കാത്തതും മറ്റിടങ്ങളിൽ അതിന് കഴിയുന്നതും അതിനാലാണ്. ഇടതുപക്ഷ ധാര കേരളത്തിൽ ഉയർന്നു നിൽക്കുന്നുണ്ട്. ഇടതുപക്ഷം ശക്തമല്ലാത്ത സംസ്ഥാനങ്ങളിൽ അതിവേഗം ബിജെപിക്ക് വളരാൻ സാധിക്കും. കോൺഗ്രസ് ആണ് അവർക്ക് തുണയാകുന്നത്. അധികാരത്തിനായി കോൺഗ്രസ് വർഗീയതയോട് സമരസപ്പെടുന്നതായാണ് കാണുന്നത്. അവസരവാദപരമായ കോൺഗ്രസിന്റെ നിലപാട് ബിജെപിക്ക് വളക്കൂറുണ്ടാക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വർഗീയതയുമായി ബന്ധപ്പെട്ട് ആർഎസ്എസ് കേരളത്തിൽ ചില ശ്രമങ്ങൾ നടത്തിയിരുന്നു. അതൊന്നും വിജയം കണ്ടില്ല. പൊതു ആശയ മണ്ഡലത്തെ മലീമസമാക്കുന്നതിലാണ് ഇപ്പോൾ അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളിൽ സംശയം ജനിപ്പിച്ച് വർഗീയ പ്രചാരണം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.