പരാതി ഉയർന്നതിനെത്തുടർന്ന് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. യുവതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തിരുവനന്തപുരം പോക്സോ കോടതി ശരിവെച്ചു. എന്നാൽ ഇതിനെതിരെ യുവതിയുടെ ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിച്ചശേഷമാണ് യുവതിയെ കോടതി കുറ്റവിമുക്തയാക്കിയിരിക്കുന്നത്.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2020 ഡിസംബർ 28 നാണ് യുവതി അറസ്റ്റിലായത്. ഒരു മാസത്തോളമാണ് യുവതിക്ക് തടവിൽ കഴിയേണ്ടിവന്നത്. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. ഈ അന്വേഷണത്തിലാണ് മകൻ നൽകിയ മൊഴി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.