റോഡുകളുടെ ശോചനീയ അവസ്ഥയിൽ മഴയെ പഴിച്ചാൽ ചിറാപുഞ്ചിയിൽ റോഡുകളേ ഉണ്ടാകില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി നടൻ ജയസൂര്യ. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ച പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പരാമർശം. എന്നാൽ മനസ്സിൽ തോന്നുന്നത് വേദിയിൽ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താൻ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കാര്യങ്ങൾ തുറന്ന് പറയുന്ന ആളായതിനാലാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് മന്ത്രി തന്നോട് പറഞ്ഞുവെന്നും ജയസൂര്യ വ്യക്തമാക്കി. നാടിന് മാറ്റം വരണം എന്ന് ആഗ്രഹിച്ച് പ്രവർത്തിക്കുന്ന മന്ത്രിയാണ് റിയാസ്.അദ്ദേഹം നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ -ജയസൂര്യ കുറിച്ചു.
ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത് , അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്. റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ് . ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ .
ജയസൂര്യ
Content Highlights: actor jayasurya fb post