മുംബൈ
ആദ്യദിനംതന്നെ കറങ്ങിത്തിരിയാൻ തുടങ്ങിയ മുംബെെ പിച്ചിൽ മായങ്ക് അഗർവാളിന്റെ മിടുക്കിൽ ഇന്ത്യ കരകയറി. സെഞ്ചുറിയുമായി പുറത്താകാതെനിൽക്കുന്ന മായങ്ക് (120) രണ്ടാം ടെസ്റ്റിൽ സ്കോർ 4–221ലെത്തിച്ചു. 25 റണ്ണുമായി വൃദ്ധിമാൻ സാഹയാണ് കൂട്ട്. നാല് വിക്കറ്റും വീഴ്ത്തിയ സ്പിന്നർ അജാസ് പട്ടേൽ ആദ്യദിനം കിവികൾക്ക് സന്തോഷം നൽകി.
ക്യാപ്റ്റൻ വിരാട് കോഹ്-ലി തിരിച്ചെത്തിയതായിരുന്നു ഇന്ത്യൻ ടീമിലെ സവിശേഷത. തിരിച്ചുവരവ് പക്ഷേ, കയ്പേറിയതായി. നാല് പന്ത് നേരിട്ട ക്യാപ്റ്റൻ റണ്ണെടുക്കുംമുമ്പ് പുറത്ത്. ചേതേശ്വർ പൂജാരയും പൂജ്യത്തിന് മടങ്ങി. ഒരുഘട്ടത്തിൽ 3–80 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. മായങ്കിന്റെ തകർപ്പൻ പ്രകടനം തിരിച്ചടിയെ മറികടക്കാൻ സഹായിച്ചു. ശുഭ്മാൻ ഗിൽ (44) നല്ല തുടക്കം നൽകി. കഴിഞ്ഞ ടെസ്റ്റിലെ ഹീറോ ശ്രേയസ് അയ്യർക്ക് (18) മുന്നേറാനായില്ല.
അജിൻക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. കോഹ്-ലിക്കൊപ്പം ജയന്ത് യാദവും മുഹമ്മദ് സിറാജും രണ്ടാം ടെസ്റ്റിൽ ഇടംപിടിച്ചു. ഫോമില്ലാതെ വലയുന്ന വെെസ് ക്യാപ്റ്റൻ രഹാനെയുടെ പുറത്താകൽ പ്രതീക്ഷിച്ചതായിരുന്നു. പരിക്കുകാരണം പുറത്തിരുത്തി എന്നതാണ് ബിസിസിഐ അറിയിച്ചത്. ജഡേജയ്ക്കും ഇശാന്തിനും പരിക്കുണ്ട്.
ടോസ് നേടിയ ക്യാപ്റ്റൻ കോഹ്-ലി ബാറ്റിങ് തെരഞ്ഞെടുത്തു. മഴകാരണം വെെകിയാണ് മത്സരം ആരംഭിച്ചത്. ഗില്ലും മായങ്കും മികച്ച തുടക്കം നൽകി. ഇന്നിങ്സിന്റെ ഇരുപത്തെട്ടാം ഓവറിൽ അജാസ് പട്ടേൽ ഗില്ലിനെ പുറത്താക്കി. അജാസിന്റെ അടുത്ത ഓവർ ഇന്ത്യയുടെ നടുവൊടിച്ചു. പൂജാരയും കോഹ്-ലിയും ഒരേ ഓവറിൽ പുറത്ത്. പൂജാര ബൗൾഡായപ്പോൾ കോഹ്-ലി വിക്കറ്റിനുമുന്നിൽ കുരുങ്ങി. കോഹ്-ലിയുടെ ബാറ്റിൽത്തട്ടിയാണ് കാലിൽ പന്ത് തൊട്ടതെന്ന് സംശയമുണ്ടായെങ്കിലും അമ്പയറുടെ തീരുമാനത്തെ മൂന്നാം അമ്പയറും തുണയ്ക്കുകയായിരുന്നു.
മായങ്കിനെ ഇതൊന്നും ബാധിച്ചില്ല. ശ്രേയസുമായി ചേർന്ന് ആക്രമിച്ചുകളിച്ചു. കഴിഞ്ഞ 11 ഇന്നിങ്സിനിടെയുള്ള ആദ്യ അരസെഞ്ചുറി കുറിച്ച വലംകെെയൻ മൂന്നക്കത്തിലേക്ക് വേഗമെത്തി. അഞ്ചാം ടെസ്റ്റ് സെഞ്ചുറി. നാല് സിക്സറും 14 ഫോറുകളുമായിരുന്നു ഇന്നിങ്സിൽ.
പരിക്കുകാരണം പുറത്തിരുന്ന കെയ്ൻ വില്യംസണ് പകരം ടോം ലാതമാണ് കിവീസിനെ നയിച്ചത്. ഡാരിൽ മിച്ചെൽ കളിക്കാനിറങ്ങി.