കൊച്ചി
കിതച്ചുതുടങ്ങിയ കേരളം ഒടുക്കം കുതിച്ചു. 38 മിനിറ്റുവരെ ആൻഡമാൻ ഗോൾവല ശൂന്യം. പിന്നീട് അടിച്ചുകൂട്ടിയത് ഒമ്പതെണ്ണം.
സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ മത്സരത്തിൽ ആൻഡമാനെ തരിപ്പണമാക്കി കേരളം ഫൈനൽ റൗണ്ടിലേക്ക് അടുത്തു. നാളെ പുതുച്ചേരിക്കെതിരെ സമനില പിടിച്ചാൽ മുന്നേറാം. ലക്ഷദ്വീപ് പുതുച്ചേരിയെ 1–-1ന് കുരുക്കിയതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. കളിച്ച രണ്ടിലും ജയിച്ച് ആറ് പോയിന്റുണ്ട് കേരളത്തിന്. പുതുച്ചേരിക്ക് നാലും.
ആൻഡമാനെതിരെ ടി കെ ജെസിൻ, നിജോ ഗിൽബർട്ട്, മുഹമ്മദ് സഫ്നാദ് എന്നിവർ ഇരട്ടഗോൾ കണ്ടെത്തി. അർജുൻ ജയരാജിന്റെയും വിബിൻ തോമസിന്റെയും കെ സൽമാന്റെയും വകയായിരുന്നു മറ്റുള്ളവ. ക്ലോസ് റേഞ്ചിലൂടെയായിരുന്നു അർജുന്റെ ഗോൾ. മധ്യനിരയിൽ കേരളത്തിന്റെ കളി മെനഞ്ഞ ഇരുപത്തഞ്ചുകാരൻ രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.
അഞ്ച് മാറ്റങ്ങളോടെയാണ് കോച്ച് ബിനോ ജോർജ് ടീമിനെ ഒരുക്കിയത്. വി മിഥുനിന് വിശ്രമം നൽകി എസ് ഹജ്മലായിരുന്നു ഗോൾവല കാക്കാൻ എത്തിയത്. പരിക്കുമാറാത്ത ജിജോ ജോസഫിന് പകരം ടീമിനെ നയിച്ചതും ഹജ്മലാണ്. വി ബുജൈർ, ഷിഗിൽ, എസ് രാജേഷ്, വിബിൻ എന്നിവരും ആദ്യ പതിനൊന്നിൽ ഇടംപിടിച്ചു.
പുതുച്ചേരിയോട് എട്ട് ഗോളിന് തോറ്റെത്തിയ ആൻഡമാന്റെ നയം വ്യക്തമായിരുന്നു. കടുത്ത പ്രതിരോധം. മുഴുവൻ കളിക്കാരെയും ബോക്സിൽ അണിനിരത്തി. ഇതിനിടയിലും വലകാണാനുള്ള അവസരങ്ങൾ നിരനിരയായി വന്നിട്ടും കേരളം നിരാശപ്പെടുത്തി. മുന്നേറ്റക്കാർ കളിമറന്നു. ആൻഡമാൻ ഗോളി അബ്ദുൾ അസീസിന്റെ പ്രകടനവും ഗോളകറ്റി. കാര്യങ്ങൾ പന്തിയല്ലെന്ന് ഉറപ്പായതോടെ പരിശീലകൻ 34–-ാംമിനിറ്റിൽ രാജേഷിനെ പിൻവലിച്ചു. പകരമെത്തിയത് നിജോ. ഇതോടെ കളിക്ക് ഒഴുക്കുണ്ടായി. കളത്തിലെത്തി അഞ്ചു മിനിറ്റിനകം ഗോളടിച്ച് നിജോ കേരളത്തിന്റെ പതർച്ച മാറ്റി. പിന്നീട് ഗോൾപൂരമായിരുന്നു. ഇടവേളയ്ക്കുമുമ്പ് ജെസിൻ രണ്ടടിച്ച് പട്ടിക ഉയർത്തി. ഇടവേള കഴിഞ്ഞ് ആറ് ഗോൾ വീണു. പകരക്കാരനായെത്തിയാണ് സഫ്നാദും ഇരട്ടഗോൾ കുറിച്ചത്.