പത്തനംതിട്ട
സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ്–- ബിജെപി ക്രിമിനൽ സംഘം കൊലപ്പെടുത്തിയത് നേതൃത്വത്തിന്റെ അറിവോടെ. പത്തനംതിട്ടയിൽ ബിജെപിയിൽ നിന്ന് പ്രവർത്തകർ കൊഴിഞ്ഞുപോകുന്നത് തടയുന്നതിന് അരാജത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം.അന്വേഷണം ഉന്നതരിലേക്ക് നീളുകയാണ്.
ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തെ വിലയ്ക്ക് എടുക്കുകയായിരുന്നുവെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു ജയം. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണം വന്നതുമുതൽ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബിജെപി ആസൂത്രിത ശ്രമങ്ങൾ തുടങ്ങിയിരുന്നു. പത്തനംതിട്ടയിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കൂട്ടത്തോടെ കുടുംബസമേതം സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. പെരിങ്ങര പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ല ഏരിയയിൽ അടുത്തിടെ നൂറുകണക്കിനുപേർ ബിജെപിവിട്ട് സിപിഐ എമ്മിനൊപ്പം എത്തി. ഇത് ബിജെപിയെ അലോസരപ്പെടുത്തി. നവംബർ 29ന് കോട്ടയത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതു ചർച്ചയ്ക്ക് വന്നിരുന്നു. പിന്നാലെ റാന്നിയിലും പത്തനംതിട്ടയിലും യോഗം ചേർന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനടക്കം പങ്കെടുത്ത ഈ യോഗങ്ങളിലാണ് അരാജകത്വം സൃഷ്ടിക്കാൻ പ്രാഥമികധാരണയായത്. ഇതിനു പിന്നാലെ കരുവാറ്റയിലെ ലോഡ്ജിലാണ് സന്ദീപിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനായി മയക്കുമരുന്ന്, മദ്യമാഫിയ, ക്വട്ടേഷൻ സംഘത്തിലുള്ളവരെവരെയും സംഘടിപ്പിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറിയെ അരുംകൊല ചെയ്താണ് ഇതിന് തുടക്കമിട്ടത്. തലശേരിയിലെ കലാപനീക്കവും കോർ കമ്മിറ്റി തീരുമാനം ശരിവെയ്ക്കുന്നു.
യുവമോർച്ച പെരിങ്ങര പഞ്ചായത്ത് അധ്യക്ഷൻ ജിഷ്ണു ആണ് മുഖ്യപ്രതി. ബിജെപി സമരങ്ങളുടെ മുൻനിരയിലും നേതാക്കൾക്കൊപ്പവുമുള്ള ജിഷ്ണുവിന്റെ നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്. ബിജെപി വക്താവ് സന്ദീപ് വാര്യരോടൊപ്പമുള്ള ചിത്രവുമുണ്ട്.
പിടിയിലായത് 5 പേർ ; കൊലപാതകസംഘം അറസ്റ്റില്‍
സന്ദീപ് കുമാറിനെ(36) കുത്തിക്കൊന്ന ആർഎസ്എസ് ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികാളായ അഞ്ചുപേരാണ് മണിക്കൂറുകൾക്കകം പിടിയിലായത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് തിരുവല്ല ചാത്തങ്കേരി പള്ളിപ്പറമ്പിൽ ജിഷ്ണു(23), വേങ്ങൽ നന്ദു ഭവനിൽ നന്ദു(24), ചങ്ങനാശേരി പായിപ്പാട് പള്ളിക്കൽചിറ കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ് (23), കണ്ണൂർ ചെറുപുഴകുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22), ഹരിപ്പാട് കരുവാറ്റ അഭിജിത്ത് ഭവനില്‍ അഭിജിത്ത്(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി ജിഷ്ണുവാണ് മറ്റുപ്രതികളെ കൊലപാതകത്തിനായി കൂട്ടിയോജിപ്പിച്ചത്. ജിഷ്ണുവിനേയും രണ്ടും മൂന്നും പ്രതികളായ പ്രമോദ്, നന്ദു എ ന്നിവരെ കരുവാറ്റയിലെ ഒരു വീട്ടിൽനിന്നും വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് പിടികൂടിയത്. അഞ്ചാം പ്രതി അഭിജിത്തിനെ നിരണം തോട്ടടിയിൽനിന്നും നാലാം പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസലിന്റെ വിലാസത്തിൽ തെറ്റുണ്ടെന്നാണ് പൊലീസ് നിഗമനം. വിശദ അന്വേഷണം നടക്കുന്നു.
ജിഷ്ണുവിനെതിരെ കീഴ്വായ്പൂര്, തിരുവല്ല, അടൂർ, പുളിക്കീഴ്, ഏറ്റുമാനൂർ, ഗാന്ധിനഗർ, കണ്ണൂ ർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.