കാസർകോട്
പെരിയ കൊലപാതക്കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ കൂടുതലൊന്നും ലഭിക്കാതിരുന്ന സിബിഐ, കോടതിയിൽ സമർപ്പിച്ചത് കോൺഗ്രസ് നേതാക്കൾ തയ്യാറാക്കിയ കെട്ടുകഥ. കോടതി നിർദേശിച്ച നാല് മാസക്കാലാവധി തീരുംമുമ്പ് പുതുതായി പലതും കണ്ടെത്തിയെന്ന് വരുത്താനാണ് സിപിഐ എം നേതാക്കളുടെ പേര് പ്രതിപ്പട്ടികയിൽ ചേർത്തത്.
ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെ വി കുഞ്ഞിരാമനെ ഉൾപ്പെടുത്തിയതും ആസൂത്രിതം. പാർടിയുടെ ഒരു ഉന്നത നേതാവിനെയെങ്കിലും ഉൾപ്പെടുത്തിയില്ലെങ്കിൽ മാധ്യമശ്രദ്ധ കിട്ടില്ലെന്ന ബോധ്യമാണ് സിബിഐയെ നയിച്ചത്. കൊലപാതകത്തിന്റെ അടുത്ത ദിവസം രാത്രി ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബലമായി മോചിപ്പിച്ച് രഹസ്യ താവളത്തിൽ പാർപ്പിച്ചുവെന്ന കള്ളക്കഥയുണ്ടാക്കിയാണ് കെ വി കുഞ്ഞിരാമനെ 20ാം പ്രതിയാക്കിയത്.
ചില മാധ്യമങ്ങളിലൂടെ കോൺഗ്രസുകാർ പ്രചരിപ്പിച്ച നുണക്കഥ സിബിഐ ഏറ്റുപാടുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ സാക്ഷികളാക്കിയവരുടെ പേരുകളിൽ, കോൺഗ്രസ് നേതാക്കളും കുടുംബങ്ങളും പറഞ്ഞുകൊടുത്ത ചിലരെയും പ്രതിപ്പട്ടികയിൽപ്പെടുത്തി.
പുതിയ തെളിവൊന്നും കിട്ടാതെ വന്നപ്പോൾ പാർടി ഓഫീസിൽനിന്ന് മിനുട്സ് പിടിച്ചെടുക്കൽ നാടകങ്ങളും അരങ്ങേറി. മിനുട്സെഴുതി കൊലപാതകം നടത്തുമോ എന്ന ചോദ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥർ പെട്ടതോടെ അതേക്കുറിച്ച് പിന്നെ മിണ്ടിയില്ല. പതിനഞ്ചാം പ്രതിയാക്കിയ കല്ല്യോട്ടെ സുരേന്ദ്രൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോൺഗ്രസ് അതിക്രമങ്ങളിൽ മനംമടുത്താണ് പാർടിവിട്ടു സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തീരുമാനിച്ചത്. കൊല്ലപ്പെട്ട ശരത്ലാൽ പലതവണ സുരേന്ദ്രനെ വീട് കയറി ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി സുരേന്ദ്രൻ കൊലപാതകത്തിൽ പങ്കാളിയായെന്നാണ് സിബിഐ കഥ.
ഒന്നാം പ്രതി പീതാംബരനെ ഫോൺ ചെയ്തെന്ന കാരണം കണ്ടെത്തിയാണ് സുരേന്ദ്രനെ പ്രതിയാക്കിയത്. സംഭവസമയത്ത് സുരേന്ദ്രൻ പെരിയയിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 17ാം പ്രതിയാക്കിയ റജി വർഗീസ് കൊലപാതകികൾക്ക് ഇരുമ്പ് പൈപ്പ് നൽകിയെന്നാണ് കണ്ടെത്തൽ.
റെജി ഇലക്ട്രിക്–- പ്ലംബിങ് ജോലിക്കാരനായതിനാൽ ഇത്തരം സാമഗ്രികൾ കൈയിലുണ്ടാകുമെന്ന നിഗമനത്തിലാണ് പ്രതിയാക്കിയത്. 18ാം പ്രതിയാക്കിയ ഹരിപ്രസാദ്, 19ാം പ്രതിയാക്കിയ പി രാജേഷ് എന്നിവർക്കെതിരെയും തെളിവൊന്നുമില്ല.