പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പോലീസ് എഫ്ഐആർ. സന്ദീപിനെ ആക്രമിച്ചത് കൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രതികൾ ബിജെപി പ്രവർത്തകരെന്നാണ് പുറത്തു വന്ന എഫ്ഐആഫിൽ വ്യക്തമാക്കുന്നത്.
സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കാരണമെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്ഐആറിലാണ് ഇപ്പോൾ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുൻകൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്.
പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, കൊലപാതകം, വധഭീഷണി തുടങ്ങിയ എട്ടു വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Content highlights: FIR in sandeep murder case