കോട്ടയം: കോടതി ഉത്തരവ് നൽകാനെത്തിയ പാലാ കുടുംബക്കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പൂഞ്ഞാർ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ് (60), മകൻ നിഹാൽ (24) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ വെള്ളിയാഴ്ച വൈകീട്ടാണ് പോലീസ് അറസ്റ്റുചെയ്തത്.
കോടതി ഉത്തരവ് നൽകാനായി വ്യാഴാഴ്ച ജെയിംസിന്റെ വീട്ടിലെത്തിയ പാലാ കുടുംബക്കോടതി പ്രോസസ് സർവർ പ്രവിത്താനം ചീങ്കല്ലേൽ കെ.വി.റിൻസിയെ ജെയിംസും മകൻ നിഹാലും ചേർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു. തന്നെ കല്ലുകൊണ്ട് ആക്രമിച്ചെന്നും തിരിച്ചറിയൽ കാർഡ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിൻസി പോലീസിൽ മൊഴി നൽകിയിരുന്നു.
പൂഞ്ഞാർ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
content highlights: two arrested for assaulting family court employee