ബെംഗളൂരു > ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ബെംഗളൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. കർണാടക ആരോഗ്യവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ഒമക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെ നിന്ന് 57 യാത്രക്കാർ ബെംഗളൂരുവിൽ എത്തിയിരുന്നു. ഇതിൽ പത്ത് പേരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്. വിമാനത്താവളത്തിൽ നൽകിയ വിലാസങ്ങളിൽ ഇവരെ കണ്ടെത്താനായില്ല. ഇവരുടെ ഫോണുകൾ ഓഫാണ്. നവംബർ 12നും 22നും ഇടയിലാണിവർ രാജ്യത്ത് എത്തിയത്.
ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ചീഫ് കമീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. രാജ്യത്ത് ആദ്യമായി കോവിഡിന്റെ ഒമിക്രോൺ വകഭേദം ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരാൾ ബെംഗളൂരു സ്വദേശിയായ ആരോഗ്യപ്രവർത്തകനും മറ്റൊരാൾ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ വിദേശിയുമായിരുന്നു.