തിരുവനന്തപുരം > കേരളത്തില്നിന്ന് ജര്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന് നോര്ക്ക ആവിഷ്കരിച്ച ട്രിപ്പിള് വിന് പദ്ധതിക്ക് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് നോര്ക്ക സിഇഒ കെ ഹരികൃഷ്ണന് നമ്പൂതിരിയും ജര്മന് ഫെഡറല് എംപ്ലോയ്മെന്റ് ഏജന്സിക്കുവേണ്ടി കോണ്സല് ജനറല് അച്ചിം ബുര്ക്കാട്ടും ധാരണപത്രത്തില് ഒപ്പുവച്ചു. രാജ്യത്ത് ആദ്യമായാണ് സര്ക്കാര്തലത്തില് പദ്ധതി തയ്യാറാക്കുന്നതെന്ന് നോര്ക്ക റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
ഭാവിയില് ഹോസ്പിറ്റാലിറ്റി അടക്കം മറ്റു മേഖലയിലേക്കും വലിയ സാധ്യത തുറക്കും. യൂറോപ്യന് രാജ്യങ്ങളിലേക്ക് തൊഴില് സാധ്യത വര്ധിക്കാനും പദ്ധതി വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായി ധാരണപത്രം ഒപ്പുവച്ചത് ചരിത്ര നടപടിയാണെന്ന് കോണ്സല് ജനറല് അച്ചിം ബുര്ക്കാട്ട് പറഞ്ഞു. 2022 ഓടെ ആദ്യ ബാച്ച് ജര്മനിയില് എത്തും. മികവും അര്പ്പണബോധം ഉള്ളവരാണ് കേരളത്തിലെ നഴ്സുമാര്. കഴിയുന്നത്രപേരെ റിക്രൂട്ട്ചെയ്യാന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്സുലര് തിമോത്തി ഫെല്ഡര് റൗസറ്റി, ജര്മന് ഹോണററി കോണ്സല് സയ്ദ് ഇബ്രാഹിം, ഓഫീസര് ഓണ് സ്പെഷ്യല് ഡ്യൂട്ടി (വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി കെ എം ഏബ്രഹാം, നോര്ക്ക ജനറല് മാനേജര് അജിത് കോളശ്ശേരി എന്നിവരും പങ്കെടുത്തു.