നിലവിൽ 26 രാജ്യങ്ങൾ ഹൈറിസ്ക്ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നല്ലാതെ വരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ കേരളത്തിൽ എത്തിയിട്ടില്ല.
അതിവേഗം വ്യാപിക്കുന്ന വൈറസ് വകഭേദമാണ് ഒമിക്രോൺ. വാക്സിൻ സ്വീകരിച്ചവർക്ക് രോഗ തീവ്രത കുറവായിരിക്കും. രണ്ടാം ഡോസ് സ്വീകരിക്കാത്തർ അതിവേഗം സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ട് കേസുകൾ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 66, 46 വയസുള്ള രണ്ട് പുരുഷന്മാരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുവരും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ്. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് ഇവരിൽ ഒമിക്രോൺ സ്ഥിരീകരികരിച്ചത്. ഇവരെ ഐസലോഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോൺ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. വൈറസ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരന്മാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും ഇതിനോടകം തന്നെ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിൽ കഴിയുന്ന 5 പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണ്. 10 പേരുടെ പരിശോധനാ ഫലം ലഭ്യമാകാനുണ്ട്.
ലോകത്താകമാനം 29 രാജ്യങ്ങളിലായി ഇതുവരെ 373 പേർക്കാണ് ഒമിക്രോൺ ഇതുവരെ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.