കൊച്ചി: മോൻസൺ കേസിൽ സർക്കാരിന് തിരിച്ചടി. മോൻസണിന്റെ ഡ്രൈവർ അജിത്തിന്റെ ഹർജി തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കോടതി ചിലവ് ചുമത്തേണ്ട കേസാണെങ്കിലും അത് ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു. സർക്കാർ സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.
മോൻസണിന്റെ മുൻ ഡ്രൈവർ ഇ.വി അജിത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കാേടതിയിൽ ഹർജി നൽകിയത്. ഇതിൽ ഉചിതമായ നടപടികൾ സ്വീകരിച്ച് കഴിഞ്ഞുവെന്നും ഈ ഹർജിയിൽ പരിധി വിട്ടുള്ള ഇടപെടലുകളാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉള്ളതെന്നുമാണ് സർക്കാരിന്റെ ആക്ഷേപം. പോലീസ് സംരക്ഷണ ഹർജിയിൽ ഇതിനപ്പുറത്തേക്ക് പോകാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഇതിനെതിരെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രംഗത്തെത്തിയത്. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ഹർജി ഫയൽ ചെയ്തതെന്ന് കോടതി ചോദിച്ചു. കോടതിയെ സർക്കാർ കളിയാക്കാൻ ശ്രമിക്കുകയാണ്. കോടതി എന്ത് തീരുമാനമെടുക്കണമെന്ന് പോലീസ് തീരുമാനിക്കുകയാണ്. ഇത് കോടതിയുടെ അധികാരത്തിന് മുന്നിലുള്ള കടന്നുകയറ്റമാണെന്നും ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സത്യവാങ്മൂലത്തിലെ സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവിറക്കി. ഇതോടെ കേസിൽ അപ്പീൽ പോകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുകയാണ്. ഇതിനിടെ ചേർത്തല മുൻ സി.ഐ പി. ശ്രീകുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. മോൻസണുമായി ബന്ധമുള്ള ശ്രീകുമാറിനെതിരെ നടപടി വേണമെന്ന് ഇ.വി അജിത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി പരിഗണിക്കുന്നതിന്റെ തൊട്ട് മുൻപായി സർക്കാർ പി. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
Content Highlights: Monson Mavunkal case